കരുതലുമായി കെ എസ് ടി എ

വിദ്യാലയ മികവിന് കെ എസ് ടി എ പിന്തുണ എന്ന സന്ദേശം ഉയർത്തി കെ എസ് ടി എ സംസ്ഥാന കമ്മിറ്റി1000 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കരുതൽ. കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലെ കോഡിനേറ്റർമാരും 17 സബ് ജില്ലാ കോഡിനേറ്റർമാരും പങ്കെടുത്ത ജില്ല ശില്പശാല സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ 5,6,7 ക്ലാസുകളിൽ ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനശേഷി വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 40 മണിക്കൂറിൽ കുറയാത്ത അധിക അധ്യയന സമയം കണ്ടെത്തിയാണ് സാമൂഹിക പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25ന് തിരുവനന്തപുരം വാഴമുട്ടം ഗവ. ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. അക്കാദമിക പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷവും നിറവ് എന്ന പേരിൽ കെ എസ് ടി എ പ്രത്യേക പദ്ധതി പ്രവർത്തനം ഏറ്റെടുത്തിരുന്നു. പൊയിൽക്കാവ് നടനം മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശില്പശാലയിൽ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ,സജീഷ് നാരായണൻ, മനോജ് വി പി എന്നിവർ പങ്കെടുത്തു. ജില്ലാ അക്കാദമിക് കോഡിനേറ്റർ എം ജയകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ എം രാജൻ നന്ദിയും പറഞ്ഞു.
