സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ നിർദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി.

ചൂട് അതികഠിനമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കുതിച്ചുയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്നാണ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മാർഗങ്ങൾ പരിശോധിക്കുന്നത്. സംസ്ഥാന വ്യാപകമായ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. അതിന് പകരമായി സർക്കാർ നിർദ്ദേശിച്ച പ്രകാരം കെഎസ്ഇബി മുന്നോട്ട് വെക്കുന്നതാണ് മേഖല തിരിച്ചുള്ള നിയന്ത്രണം.

ഉപഭോഗം കുത്തനെ കൂടിയ സ്ഥലങ്ങളിലാകും നിയന്ത്രണം. ഒപ്പം ഉപഭോഗം കൂടിയ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താനും ആവശ്യപ്പെടും. വ്യാപാര സ്ഥാപനങ്ങൾ അടച്ചാലും പുറത്ത് പ്രവർത്തിക്കുന്ന അലങ്കാര വിളക്കുകളും ബോർഡുകളും ഓഫ് ചെയ്യാനും ആവശ്യപ്പെടും. എസിയുടെ ഉപഭോഗം കുറക്കാൻ ഗാർഹിക ഉപഭോക്താക്കളോടും നിർദ്ദേശിക്കും. ഈ രീതിയിലെ നിയന്ത്രണം വഴി പ്രതിദിനം 150 മെഗാ വാട്ട് ഉപയോഗമെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം.

കെഎസ്ഇബിയുടെ ബദൽ നിർദേശം വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അതിനുശേഷമാകും നിയന്ത്രണത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍ 30 ലെ 113.15 ദശലക്ഷം യൂണിറ്റ് എന്ന ഉപയോഗം മറികടന്നു. വൈദ്യുതി ആവശ്യകതയും 5797 മെഗാവാട്ട് എന്ന റെക്കോർഡ് രേഖപ്പെടുത്തി.

