KOYILANDY DIARY

The Perfect News Portal

കോഴിക്കോട്; അവധി ദിവസങ്ങളെ ആഘോഷമാക്കി ‘എന്റെ കേരളം’

കോഴിക്കോട്‌: അവധിദിവസങ്ങളെ നാട്‌ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ ആഘോഷമാക്കി. സേവനങ്ങൾ അറിഞ്ഞും നാട്ടിലെ നല്ല മാറ്റങ്ങൾ കണ്ടും സ്റ്റാളുകളിൽനിന്ന്‌ ഉൽപ്പന്നങ്ങൾ വാങ്ങിയും ഓരോരുത്തരും മേള ഉത്സവമാക്കി. ജനകീയോത്സവത്തിൽ രണ്ടു ദിവസങ്ങളിലായി നടന്നത്‌ ലക്ഷങ്ങളുടെ വ്യാപാരമാണ്‌. വൻ ഓഫറുകളുള്ള സപ്ലൈകോ എക്‌സ്‌പ്രസ്‌ മാർട്ടിൽ ഞായറാഴ്‌ച മാത്രം നടന്നത്‌ രണ്ട്‌ ലക്ഷത്തിലേറെ രൂപയുടെ വിൽപ്പന. ശനിയാഴ്‌ച ഒന്നര ലക്ഷം രൂപയുടെ വിൽപ്പനയുമുണ്ടായി.
തിരക്കേറിയതോടെ തിങ്കളാഴ്‌ച ബേപ്പൂർ ഡിപ്പോയിൽനിന്ന്‌ സാധനങ്ങൾ കൂടുതൽ എത്തിച്ചു. മറ്റ്‌ സ്റ്റാളുകളിലും വിൽപ്പന നടക്കുന്നുണ്ട്‌. സേവനങ്ങൾ പ്രയോജനപ്പെടുത്താനും നല്ല തിരക്കുണ്ട്‌. സിവിൽ സർവീസ്‌ അക്കാദമിയിൽ വിവിധ കോഴ്‌സുകൾക്കായി 50 വിദ്യാർഥികൾ ഇതിനകം പേരു നൽകി. ആരോഗ്യകേന്ദ്രത്തിൽ പരിശോധനകൾ നടത്താനും ഇ ഹെൽത്ത്‌ രജിസ്‌ട്രേഷനും നിരവധി പേരെത്തി. ദിവസം മുന്നൂറിലേറെ വീഡിയോയാണ്‌ 360 സെൽഫി പോയിന്റിൽനിന്ന്‌ എടുത്തുനൽകുന്നത്‌. 18 വരെയാണ്‌ മേള.
Advertisements
സംരംഭം തുടങ്ങാൻ നല്ല അടിപൊളി ആശയം കൈയിലുണ്ട്‌. എന്നാൽ, പ്രോജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കാനാണ്‌ പ്രയാസം. ഒക്കെ റെഡിയാണ്‌ പക്ഷേ മൂലധനം എങ്ങനെ കണ്ടെത്തും. ലോൺ ഉൾപ്പെടെ സഹായം ലഭിക്കാൻ വഴിയുണ്ടോ. വിഷമിക്കേണ്ട, പുത്തൻ സംരംഭത്തിനുള്ള ആശയവും പദ്ധതി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ വ്യവസായ വകുപ്പുണ്ട്‌ കൂടെ. ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും മേളയിലെ വ്യവസായ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്റ്റാളിൽ ലഭിക്കും.
ഇതിനകം 76 പേരാണ്‌ ആശയം പ്രോജക്ടാക്കി മാറ്റുന്നതിനുള്ള സഹായത്തിനായി സ്റ്റാളിൽ എത്തി രജിസ്റ്റർ ചെയ്‌തത്‌. എംഎസ്‌എംഇ സംരംഭങ്ങളാണ്‌ ഏറെയും. സ്റ്റാർട്ട്‌ അപ്‌ ആശയവുമായി എത്തിയവരുമുണ്ട്‌. വായ്‌പയുൾപ്പെടെ വേണ്ട നിർദേശങ്ങളും സഹായങ്ങളും ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്‌. ഇവയ്‌ക്കെല്ലാം തുടർച്ച ഉണ്ടാകുമെന്ന ഉറപ്പാണ്‌ നവകേരളം നൽകുന്ന കരുത്ത്‌.