KOYILANDY DIARY

The Perfect News Portal

കൊല്ലം കലക്‌ടറേറ്റ് ബോംബ് സ്ഫോടനക്കേസ്‌: നാലു പ്രതികളെയും ഹാജരാക്കി

കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി. തമിഴ്നാട് മധുര സ്വദേശികളായ  ഒന്നാംപ്രതി അബാസ് അലി,  രണ്ടാംപ്രതി  കരീംരാജ, മൂന്നാം പ്രതി ദാവൂദ് സുലൈമാൻ, നാലാം പ്രതി ഷംസുദീൻ എന്നിവരെയാണ് വ്യാഴാഴ്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എം ബി സ്‌നേഹലതയ്ക്ക് മുന്നിൽ ഹാജരാക്കിയത്. പ്രതികൾക്ക് കുറ്റപത്രം തമിഴിൽ വായിപ്പിച്ചുകേൾപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണി സൃഷ്ടിക്കുക, വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അഞ്ചാം പ്രതി മുഹമ്മദ് ആയൂബിനെ കേരള പൊലീസ് മാപ്പുസാക്ഷിയാക്കി.


തിങ്കളാഴ്‌ച രണ്ടു പ്രതികൾ ഹാജരാകാത്തതിനാലാണ് കുറ്റപത്രം വായന വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മയിൽനിന്ന്‌ വേർപെട്ട ബേസ്‌ മൂവ്മെന്റ് പ്രവർത്തകരായ ഇവരെ കമാൻഡോ സുരക്ഷയിലാണ് കൊല്ലം കോടതിയിൽ ഹാജരാക്കിയത്. തെക്കേ ഇന്ത്യയിൽ കേരളത്തിലെ ഉൾപ്പെടെ അഞ്ച്‌ കോടതികളിൽ ഇവർക്കെതിരെ കേസുണ്ട്. കൊല്ലം ബാറിൽ പ്രാക്ടീസ് ചെയ്യുന്ന കന്യാകുമാരി സ്വദേശി അഡ്വ. ലേഖയെയാണ്‌ കുറ്റപത്രം തമിഴിൽ മൊഴിമാറ്റി വായിക്കാൻ ചുമതലപ്പെടുത്തിയത്‌.

Advertisements

2016 ജൂൺ 15നു പകൽ 10.50നായിരുന്നു സ്ഫോടനം. കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്കു സമീപം നിർത്തിയിട്ട തൊഴിൽ വകുപ്പിന്റെ ജീപ്പിനു പിന്നിൽ ഐഇഡി ഉപയോഗിച്ച് ടൈമർ ബോംബ് ചോറ്റുപാത്രത്തിൽവച്ച് സ്ഫോടനം നടത്തുകയായിരുന്നു. കേസിൽ 57 പേജുള്ള കുറ്റപത്രം പൊലീസ്‌ നേരത്തെ നൽകിയിരുന്നു. കുറ്റപത്രത്തിൽ 86 സാക്ഷികളും 136 തെളിവും ഉൾപ്പെടുന്നു. സ്ഫോടനത്തിന് പൊട്ടാസിയം നൈട്രേറ്റ് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ പബ്ലിക്‌ പ്രോസിക്യുട്ടർ  ജി സേതുനാഥ്‌ ഹാജരായി.