KOYILANDY DIARY

The Perfect News Portal

കാട്ടാനകളുടെ അക്രമത്തിൽ ഭയന്നു വിറയ്‌ക്കുകയാണ് ചെറുപുഴ

ചെറുപുഴ: പഞ്ചായത്തിന്റെ വനാതിർത്തിയോട്‌ ചേർന്ന അതിർത്തി ഗ്രാമങ്ങൾ കാട്ടാനകളുടെ അക്രമത്തിൽ ഭയന്നു വിറയ്‌ക്കുകയാണ്. കാട്ടിൽനിന്ന്‌ നാട്ടിലിറങ്ങിയ കാട്ടാനക്കലിയിൽ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. ബുധനാഴ്ച പുലർച്ചെയാണ് എബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടക വനത്തിൽനിന്നെത്തിയ ഒറ്റയാനാണ്. കർണാടക വനത്തിൽനിന്നും കാര്യങ്കോടുപുഴ കടന്നാണ് ഒറ്റയാനെത്തിയത്‌. ചേന്നാട്ടുകൊല്ലി മുതൽ ഉമയംചാൽ വരെ 14 കിലോമീറ്റർ സോളാർ വേലിയുണ്ടെങ്കിലും  ഇടയിൽ കോഴിച്ചാൽ ഐഎച്ച്ഡിപി  കോളനി മുതൽ രാജഗിരി ഇടക്കോളനിവരെ 200 മീറ്ററിൽ  വേലി പ്രവർത്തനരഹിതമാണ്.
മരം വീണ്‌ വേലി തകർന്ന വഴിയാണ് കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തുന്നത്‌. ബുധനാഴ്‌ച    കൃഷിയിടത്തിലെത്തിയ ഒറ്റയാൻ  വാഴകൾ, കവുങ്ങ്, ടെലിഫോൺ പോസ്റ്റ് എന്നിവയും തകർത്തു. കൃഷിയിടങ്ങൾ ചവിട്ടിനിരത്തി. പ്ലാവിൽനിന്ന്‌ ചക്ക പറിച്ച് തിന്ന ഒറ്റയാൻ  മൂപ്പെത്താത്തവ പറിച്ച് നിലത്തിട്ടു. ഇതിനിടയിലാണ് എബിൻ മുന്നിൽപ്പെട്ടതെന്ന് കരുതുന്നു. എബിന്റെ  ചെരുപ്പ്, ഇയർഫോൺ എന്നിവ അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.  മുമ്പും നിരവധിതവണ ചെറുപുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു.
ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, കാനംവയൽ, കോഴിച്ചാൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. തലക്കാവേരി വൈൽഡ് ലൈഫ് സാങ്ച്വറിയിൽപ്പെട്ട കർണാടക വനത്തിൽനിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ കാര്യങ്കോട് പുഴ കടന്നും ആനകൾ എത്തുന്നു. കർണാടക വനംവകുപ്പ്‌ ബീറ്റ് ഓഫീസർ കെ എൻ സുബ്രഹ്മണ്യൻ, കേരള ബീറ്റ് ഓഫീസർ കെ വി പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ചെറുപുഴ എസ്ഐ എം പി ഷാജിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
Advertisements