KOYILANDY DIARY

The Perfect News Portal

കാർബൺ ന്യൂട്രൽ സിറ്റിയാകാൻ കൊയിലാണ്ടി നഗരസഭ*

കൊയിലാണ്ടി: കാർബൺ ന്യൂട്രൽ സിറ്റി എന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ കൊയിലാണ്ടി നഗരസഭ  ശിൽപ ശാല നടത്തി. നഗരസഭ ചെയർ പേഴ്സൺ സുധ കെ.പി അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ പിടി പ്രസാദ് മുഖ്യാതിഥിയായി സംസാരിച്ചു. എനർജി മാനേജ്മെൻറ് സെൻറർ മെമ്പർ മധു കൃഷ്ണൻ പദ്ധതി അവതരിപ്പിച്ച് സംസാരിച്ചു. ഇ എം എസ് ടൗൺഹാളിൽ നടന്ന ശിൽപശാലയിൽ നഗരസഭ വൈ: ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതം പറഞ്ഞു. 
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലെ സകലജീവജാലങ്ങൾക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം കാലങ്ങളായി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് കൂടുന്നതും നമ്മുടെ ജൈവസമ്പത്തും വനമേഖലയുടെ ശോഷണവും പ്രകൃതിയിൽ സൃഷ്ടിക്കുന്ന വിപത്തുകൾ വർധിക്കാനിടയാക്കുന്നു. നാം ഇതേക്കുറിച്ചു ഗൗരവപൂർവം ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 
Advertisements
കൊയിലാണ്ടി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ഇതിനായി ഹ്രസ്വകാല- ദീർഘകാല കർമ്മ പരിപാടികൾ നടപ്പാക്കാൻ 2024-25 സാമ്പത്തിക വർഷം മുതൽ തുടക്കം കുറിക്കുകയാണ്. മെയ് 25ന് ഒരു വാർഡിൽ നിന്നും നാല് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകും. തുടർന്ന് മുഴുവൻ വാർഡുകളിലും നേച്വർ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തും.
ജില്ലാ ആസൂത്രണ സമിതി അംഗം എ. സുധാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത്, സി. പ്രജില, നിജില പറവക്കൊടി. ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രവർത്തന രൂപരേഖ നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി അവതരിപ്പിച്ചു.