കേരള സംസ്കൃത അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
 
        തൃശൂർ: കേരള സംസ്കൃത അക്കാദമി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്കൃത പ്രണയഭാജനം പി ടി കുര്യാക്കുമാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരം പ്രൊഫ. ഒ വത്സലക്ക് (എറണാകുളം) സമ്മാനിക്കും. 25,000 രൂപയും പുരസ്കാര ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

സംസ്കൃതി പുരസ്കാരത്തിന് പ്രൊഫ. പി വി രാമൻകുട്ടിയേയും (പാലക്കാട്) ന്യായഭൂഷണം പി രാമൻ നമ്പ്യാർ സ്മാരക രാമപ്രഭാപുരസ്കാരത്തിന് സംസ്കൃത നാടക സംവിധായകനായ പ്രൊഫ. എം കെ സുരേഷ് ബാബുവിനേയും (കോഴിക്കോട് ), കെ ടി നാരായണൻ നമ്പൂതിരി സ്മാരക ശാസ്ത്ര പ്രതിഭാ പുരസ്കാരത്തിന് പ്രൊഫ. കെ വി വാസുദേവനേയും (തൃശൂർ) തെരഞ്ഞെടുത്തു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

30 ന് രാവിലെ 10 ന് പുറനാട്ടുകര കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടെ ഗുരുവായൂർ കേന്ദ്രത്തിൽ നടക്കുന്ന പുരസ്കാരസമർപ്പണ ചടങ്ങ് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും അവാർഡുകളും സമ്മാനിക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ സംസ്കൃത പ്രണയഭാജനം പി ടി കുര്യാക്കുമാസ്റ്റർ സ്മാരകപ്രഭാഷണം നിർവ്വഹിക്കും. പി ടി കുര്യാക്കുമാസ്റ്റർ അനുസ്മരണം പ്രൊഫ. മുത്തുലക്ഷ്മി നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ കേരള സംസ്കൃത അക്കാദമി ചെയർമാൻ പ്രൊഫ. കെ ടി മാധവൻ, അക്കാദമി സെക്രട്ടറി ഡോ. വി കെ വിജയൻ, എൻ രാജഗോപാൽ, ഡോ. കെ എ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.



 
                        

 
                 
                