KOYILANDY DIARY

The Perfect News Portal

രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ആന്റിബയോട്ടിക് അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് കർമ പദ്ധതി) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ് ആൻഡ്‌ സ്‌പോക്ക് മാതൃകയിലൂടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന എഎംആർ ഉന്നതതല യോഗത്തിലാണ്‌ ആന്റിബയോഗ്രാമും കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പുസ്തകവും മന്ത്രി പുറത്തിറക്കിയത്‌. എല്ലാ ജില്ലകളുടെയും ആന്റിബയോഗ്രാം വരുംവർഷങ്ങളിൽ പുറത്തിറക്കുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപ്പാക്കിയ ഓപ്പറേഷൻ അമൃതിന്റെ പുരോഗതിയും അവലോകനം ചെയ്തു.

 

ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകുന്ന എറണാകുളം ജില്ലയിലെ രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കും. മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡ്വൈസർ ഡോ. എം സി  ദത്തൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം  മുഹമ്മദ് ഹനീഷ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ഡെപ്യൂട്ടി സെക്രട്ടറി ശിഖ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടർ ഡോ. ഡി മീന, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, പൊല്യൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല എ എം, കാർസാപ്പ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Advertisements