KOYILANDY DIARY

The Perfect News Portal

എസ്എസ്എൽസി ചോദ്യപേപ്പർ വിതരണം ചെയ്തു

തിരുവനന്തപുരം: എസ്എസ്എൽസി ചോദ്യപേപ്പർ വിതരണം ചെയ്തു. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങൾ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ജില്ലാ കലക്ടർമാരും ജില്ലാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോ​ഗത്തിൽ പങ്കെടുത്തു. പൊലീസ് അകമ്പടിയിൽ എസ്എസ്എൽസി ചോദ്യപേപ്പർ വിതരണം നടന്നുവരികയാണ്. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകൾക്ക് മാർച്ച് 25 വരെ പൊലീസ് സംരക്ഷണം നൽകും. പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്‌.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ചോദ്യപേപ്പറുകൾ അതത് സ്‌കൂളിലാണ് സൂക്ഷിക്കുന്നത്. ഇവിടെ സിസിടിവി സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നത് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകണം. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്കുകളിലുമാണ് സൂക്ഷിക്കുന്നത്. ചോദ്യപേപ്പറുകൾ സമയനിഷ്ഠ പാലിച്ച് വിതരണം നടത്തുന്നതിന് ജില്ലകളിലെ ലീഡ് ബാങ്ക് മാനേജർമാർ ബന്ധപ്പെട്ടവർ‌ക്ക് കൃത്യമായ നിർദേശം നൽകണം.

 

ഉത്തരക്കടലാസ് ബണ്ടിലുകൾ അതേ ദിവസം പോസ്റ്റോഫീസിലും എത്തിക്കണം. ഉത്തരക്കടലാസുകൾ എത്തിക്കുന്നതുവരെ പോസ്റ്റ്‌ ഓഫീസുകൾ തുറന്നുപ്രവർത്തിക്കുന്നതിന് സർക്കാർതലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഏപ്രിലിൽ നടക്കുന്ന മൂല്യനിർണയ ക്യാമ്പുകൾക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറിയിൽ 77, എസ്എസ്എൽസിക്ക് 70, വിഎച്ച്എസ്ഇയ്ക്ക് എട്ട് എന്നിങ്ങനെയാണ് മൂല്യനിർണയ ക്യാമ്പ്.

Advertisements

 

എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,27,105 വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്ത് ഈ അധ്യയന വർഷം എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. 2971 പരീക്ഷാ കേന്ദ്രത്തിലായി മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും. ​ഗൾഫിൽ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർത്ഥികളും രണ്ടാം വർഷം 4,44,097 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാംവർഷം 29,337 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ 389 കേന്ദ്രത്തിലാണ് പരീക്ഷ നടത്തുന്നത്.