KOYILANDY DIARY

The Perfect News Portal

പ്രപഞ്ചത്തിലെ സൂര്യനേക്കാൾ ഏറ്റവും തിളക്കമുള്ള വസ്തു കണ്ടെത്തി

ലണ്ടന്‍: പ്രപഞ്ചത്തിലെ സൂര്യനേക്കാൾ ഏറ്റവും തിളക്കമുള്ള വസ്തു കണ്ടെത്തി. ഭീമാകാരമുള്ള ഒരു തിളക്കമേറിയ തമോ​ഗര്‍ത്തമാണിതെന്നും ദിവസവും സൂര്യസമാനമായ ഒരു നക്ഷത്രത്തെ വീതം അത് അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്രയേറെ “വിശപ്പുള്ള’ തമോ​ഗര്‍ത്തത്തെ കണ്ടെത്തുന്നത് ആദ്യം. ജെ0529-4351 എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയെങ്കിലും ചിലിയില്‍ സ്ഥാപിച്ച ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി (വിഎല്‍ടി) തമോ​ഗര്‍ത്തത്തിന്റെ “വിശ്വരൂപം’ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നേച്ചർ ആസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.  

വളരെ സജീവവും ഊർജസ്വലവുമായ നക്ഷത്രസമൂഹത്തിന്റെ മധ്യഭാഗത്താണ് സൂര്യനെക്കാള്‍ 1700 കോടി മടങ്ങ് പിണ്ഡമുള്ള തമോ​ഗര്‍ത്തമുള്ളത്.  അത് അതിശയകരമായ വേ​ഗത്തില്‍ ചുറ്റുമുള്ള ദ്രവ്യത്തെ ഉള്ളിലേക്ക് വലിച്ച് അടുപ്പിച്ചുകൊണ്ടിരിക്കുന്നു. ​ഗര്‍ത്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ പദാര്‍ഥങ്ങള്‍ വേര്‍പ്പെട്ട് അത്യുജ്വലമായ പ്രഭാവലയം ചുറ്റും സൃഷ്ടിക്കുന്നു. തമോഗര്‍​ത്തത്തിനുചുറ്റുമുള്ള പ്രകാശപ്രകമ്പനം ചിലിയിലെ ദൂരദര്‍ശിനി (വിഎല്‍ടി)യിലെത്താന്‍ 1200 കോടി വര്‍ഷമെടുത്തെന്നാണ് കണക്ക്. സൗരയൂഥത്തേക്കാള്‍ അത്രയേറെ അകലെയാണിത് സ്ഥിതിചെയ്യുന്നത്.

Advertisements

വന്‍തോതില്‍ ഊര്‍ജത്തെ പുറംതള്ളുന്ന തമോ​ഗര്‍ത്തം സൂര്യനെക്കാള്‍ 500 ലക്ഷംകോടി മടങ്ങ് പ്രകാശമാനമാണെന്ന് ചിലി ദൂരദര്‍ശിനിയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫർ ഓങ്കൻ പറഞ്ഞു.

Advertisements

തമോ​ഗര്‍ത്തത്തിന്റെ ഏകദേശ വ്യാസം ഏഴ് പ്രകാശവര്‍ഷം വരും. ഏഴ് പ്രകാശവര്‍ഷം എന്നാല്‍ സൂര്യനില്‍നിന്നും നെപ്റ്റ്യൂണ്‍ ​ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 15,000 മടങ്ങ് വരും.  ഇത്രയേറെ ഊര്‍ജ്ജം പുറന്തള്ളണമെങ്കില്‍ ദിവസം സൂര്യസമാനമായ നഷ്ടത്രത്തെ ഉള്ളിലാക്കണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത പ്രപഞ്ചത്തിലെ മേഖലയാണ്‌ തമോഗർത്തം.