KOYILANDY DIARY.COM

The Perfect News Portal

പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിൽ മുന്നേറി; മുഖ്യമന്ത്രി

എറണാകുളം: പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിൻറെ ഉദ്ഘാടനം നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊതുജനാരോ​ഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസർ സെൻററെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയുടെ ആരോ​ഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സർക്കാർ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിൻറെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ ആരോ​ഗ്യമേഖല നേടി. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതർക്കുള്ള സേവനത്തിന് ലഭിച്ച പുരസ്കാരം. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമായും കേരളം മാറി.

ആർദ്രം മിഷനിലുടെ പൊതുജനാരോ​ഗ്യകേന്ദ്രങ്ങളെ രോ​ഗീസൗഹൃദമാക്കാൻ കഴിഞ്ഞു. പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ പല രീതിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കി. മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇവയൊക്കെ കാരണം സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്നവയായി സർക്കാർ ആശുപത്രികൾ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

Advertisements
Share news