KOYILANDY DIARY.COM

The Perfect News Portal

‘കേരള ബ്ലോഗ് എക്സ്പ്രസ്’ ഇന്ന് കോഴിക്കോട്

ഫറോക്ക്: തെരഞ്ഞെടുക്കപ്പെട്ട 25 അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്’ യാത്ര വ്യാഴാഴ്‌ച കോഴിക്കോട്‌ ജില്ലയിൽ. കേരളത്തിന്റെ  പ്രകൃതി സൗന്ദര്യം  അറിയാനും  ലോകത്തെ അറിയിക്കാനുമാണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര. ഉത്തരവാദിത്വ ടൂറിസം മാതൃകയായ കടലുണ്ടിയിലെ സ്ട്രീറ്റ് പദ്ധതിയിലെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, കയർ ഉല്പാദന കേന്ദ്രം, നെയ്ത്തുശാല എന്നിവ രാവിലെ സന്ദർശിക്കും.
ബേപ്പൂർ ഉരുനിർമാണ കേന്ദ്രങ്ങൾ, മലബാറിന്റെ ഭക്ഷ്യ വിഭവങ്ങൾ എന്നിവയും ഒപ്പിയെടുക്കും. അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്‌സ്‌, കാനഡ, ഇറ്റലി, അർജന്റീന, ബ്രസീൽ, ചിലി, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബെൽജിയം, ബൾഗേറിയ, റൊമാനിയ,  തുർക്കിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ ബ്ലോഗർമാരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിൽനിന്ന്‌ രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരുമുണ്ട്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണിത്. തിരുവനന്തപുരത്തുനിന്നാരംഭിച്ച യാത്ര കാസർകോട്ട്‌ അവസാനിക്കും.

 

Share news