KOYILANDY DIARY

The Perfect News Portal

സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വിവരങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും ഡിജിറ്റല്‍ സാക്ഷരതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 900 സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈനായി ലഭ്യമാണ്. ഇനിയും കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കും. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിലൂടെ ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ഓണ്‍ലൈനായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറായി. കേരളം രാജ്യത്തിനു മാതൃകയായിത്തീരുകയാണ്. 15,962 സോഷ്യല്‍ ഓഡിറ്റിംഗ് ഗ്രാമസഭകളും 941 സോഷ്യല്‍ ഓഡിറ്റിംഗ് ജനകീയസഭകളും സംഘടിപ്പിച്ചു. ആറു മാസത്തിനിടെ 1,39,782 തൊഴിലുറപ്പ് പ്രവൃത്തികളുടെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ഓരോ വര്‍ഷവും രണ്ടു തവണ സോഷ്യല്‍ ഓഡിറ്റിംഗ് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ ആവിഷ്‌ക്കരിച്ച് ഒരു നവകേരളം സൃഷ്ടിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക മാത്രമല്ല, അവയുടെ ഗുണഫലങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നു. ക്ഷേമ പദ്ധതികള്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നു. ആ നിലയ്ക്കുള്ള ഇടപെടലുകളായി സോഷ്യല്‍ ഓഡിറ്റിംഗും ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തങ്ങളും മാറിത്തീരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ചത്.

Advertisements

15,896 കോടി രൂപയുടെ 1,284 പദ്ധതികളാണ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നൂറുദിന കര്‍മ്മ പരിപാടിയുടെ മുഖ്യമുദ്രാവാക്യം കൈകള്‍ കോര്‍ത്ത് കരുത്തോടെ എന്നാണ്. നാം നേരിടുന്ന പ്രതിസന്ധികളെ ഒരുമിച്ചുനിന്നു മറികടക്കാനും ഒപ്പം നാടിന്റെ മുന്നേറ്റത്തിനു കരുത്തുപകരാനും കഴിയണം എന്നതാണ് ഈ വാക്യത്തിലൂടെ അര്‍ത്ഥമാക്കുന്നത്. സംസ്ഥാനത്തു നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിന കര്‍മ്മ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ദാരിദ്ര്യനിര്‍മ്മാര്‍ജനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് സോഷ്യല്‍ ഓഡിറ്റിംഗ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ കഴിയും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോട് സര്‍ക്കാര്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും കുറവുണ്ടായെങ്കിലും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയില്ല. ദേശീയതലത്തില്‍ 2020-21 ല്‍ 389 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 2022 ആയപ്പോള്‍ 363 കോടിയായി കുറഞ്ഞു. എന്നാല്‍ കേരളത്തില്‍ തൊഴില്‍ ദിനങ്ങളുടെ കാര്യത്തില്‍ വര്‍ധനയുണ്ടായി. 2021 ല്‍ 10.23 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 2022 ല്‍ അത് 10.59 കോടി തൊഴില്‍ ദിനങ്ങളായി വര്‍ധിച്ചു. ഇക്കാലയളവില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 822 കോടി രൂപയുടെ കുറവുണ്ടായി.

കേന്ദ്ര ഫണ്ട് കുറയുമ്പോഴും തൊഴില്‍ ദിനങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളാണ് ഇതു സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ അത് 64 ആയി. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തിലാകട്ടെ 31 ശതമാനവും. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്.

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലുകളില്‍ 90 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. 27 ലക്ഷം തൊഴിലാളികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്. 2021-22 ല്‍ 7 കോടി തൊഴില്‍ ദിനങ്ങള്‍ക്കുള്ള അനുമതിയാണ് കേരളത്തിന് ആദ്യം ലഭിച്ചത്. എന്നാല്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കിയതിനാല്‍ അത് 10 കോടിയായി ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. എത്ര കാര്യക്ഷമമായാണ് തൊഴിലുറപ്പ് പദ്ധതി കേരളം നടപ്പാക്കുന്നത് എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഈ പദ്ധതിയെ കൃത്യമായ ഓഡിറ്റിംഗ് നടത്തി കാര്യക്ഷമമാക്കേണ്ടത് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ അനിവാര്യമാണ്. അതു ലക്ഷ്യംവച്ചാണ് സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വികസന പദ്ധതികളെല്ലാം ജനപങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ ഇതു സഹായകരമാണ്. ഈ ഉദ്ദേശത്തോടെയാണ് 2018 ല്‍ സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കാര്‍ഷിക വികസനത്തിലും ഭക്ഷ്യോത്പാദന വളര്‍ച്ചയിലും വലിയ സംഭാവനകള്‍ നല്‍കാന്‍ തൊഴിലുറപ്പ് പദ്ധതിക്കു കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചു മുന്നോട്ടുപോകാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും ബന്ധപ്പെട്ട അധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നാടിന്റെ പുരോഗതിക്കു ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടോ, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ, തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടോ തുടങ്ങി എല്ലാ വിധത്തിലുള്ള പരിശോധനകളും നടത്തണം. അതോടൊപ്പം മറ്റു വകുപ്പുകളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ വികാസത്തിന് ഉറപ്പുവരുത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ കഴിയും. ആ അന്തരം ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചും കെ-ഫോണ്‍ പദ്ധതി നടപ്പാക്കിയും നിറവേറ്റുകയാണ് ഈ സര്‍ക്കാര്‍. കണക്ടിവിറ്റിക്ക് ഒപ്പം ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. അതിനുള്ള ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി. ദൈനംദിന ജീവിതത്തില്‍ സാക്ഷരത അര്‍ത്ഥവത്താകണമെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പഠിച്ചിരിക്കണം. അത് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ജി ഒലീന, കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ ഡോ.എന്‍.രമാകാന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.