KOYILANDY DIARY

The Perfect News Portal

ഇമ്രാന്‍ ഖാനെ അറസ്റ്റില്‍ നിന്ന്‌ സംരക്ഷണം നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ടി (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ (70) രണ്ടാഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന്‌ സംരക്ഷണം നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി). ഈ മാസം ഒമ്പതിനുശേഷം എടുത്ത കേസുകളില്‍ 17 വരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. സൈന്യം കോടതിവളപ്പില്‍ കടന്നുകയറി ഇമ്രാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

തനിക്കെതിരെ ചുമത്തിയ കേസുകളുടെ വിശദാംശം തേടി ഇമ്രാന്‍ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. മെയ് ഒമ്പതിന് അറസ്റ്റ്‌ ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അറിയില്ലെന്നും ഇമ്രാന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, എല്ലാ അക്രമ സംഭവങ്ങളെയും അപലപിക്കണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചു. മറ്റ്‌ കേസുകളില്‍ വീണ്ടും ഇമ്രാന്‍ അറസ്റ്റ് ഭയക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുകളില്‍ തൽക്കാലത്തേക്ക് അറസ്റ്റ്‌ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.

Advertisements

ഉത്തരവ് മാനിക്കുമെന്നും ജാമ്യം നേടിയ കേസുകളിൽ ഇമ്രാനെ അറസ്റ്റ് ചെയ്യില്ലെന്നും ആഭ്യന്തരമന്ത്രി റാണ സനാവുള്ള പ്രതികരിച്ചു. ചൊവ്വാഴ്ച കോടതി പരിസരത്ത് കടന്നു കയറി സൈന്യം ഇമ്രാനെ അറസ്റ്റ്‌ ചെയ്തതില്‍  സുപ്രീംകോടതി കടുത്ത രോഷം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി കേസ് പരി​ഗണിച്ചത്.

Advertisements