മിനിസ്ട്രോക് പക്ഷാഘാതത്തിന്റെ സൂചനയോ? ലക്ഷണങ്ങൾ അവഗണിക്കരുത്


മിനിസ്ട്രോക്ക് വരുന്ന മൂന്നിലൊരാൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടെന്നും, ലക്ഷണങ്ങൾ പ്രകടമായി ഒരു വർഷത്തിനുള്ളിൽ തന്നെ സ്ട്രോക്ക് ഉണ്ടാകുമെന്നും ഡാനിഷ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ശരീരത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പെട്ടന്ന് തന്നെ ഭേദമാകുന്നതിനാൽ അധികമാരും ശ്രദ്ധിക്കാറില്ല. പലരും ഇത് മൈഗ്രെയ്ൻ, രക്തസമ്മർദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങളാണെന്ന് കരുതി അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇവ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടുന്നത് രോഗാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദമാണ് പക്ഷാഘാതത്തിനും ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്കിനുമുള്ള (TIA) പ്രധാന കാരണം. മിനിസ്ട്രോക്ക് പക്ഷാഘാതത്തിന് മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. ഹൃദയം സാധാരണ ഗതിയിൽ മിടിക്കാതിരിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു, അത് ഹൃദയത്തിന്റെ അറകൾക്കുള്ളിൽ ചെറിയ ചുഴികൾ ഉണ്ടാക്കുന്നു. ആ ചുഴികൾ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം. ആ ചെറിയ രക്തക്കട്ടകൾ കുഴലുകളിലൂടെ സഞ്ചരിച്ച് തലച്ചോറിലെ ചെറിയ രക്തക്കുഴലിൽ പ്രവേശിക്കുമ്പോൾ, രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അലസമായ ജീവിതശൈലി തുടങ്ങിയവ അപകടസാധ്യത കൂട്ടുന്നു. പക്ഷാഘാതവും ടിഐഎയും പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണയും നിലവിലുണ്ട്. എന്നാൽ ചെറുപ്പക്കാരിലും പക്ഷാഘാതം വർധിക്കുന്നതായി പഠനത്തിൽ പറയുന്നു.

