KOYILANDY DIARY

The Perfect News Portal

സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും: ആർ.പി.എഫ് ഐ.ജി

സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും: ആർ.പി.എഫ് ഐ.ജി. കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തെത്തുടർന്നാണ് റെയിൽവേയുടെ പുതിയ തീരുമാനം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്ന് ആർ.പി.എഫ് ഐ.ജി ടി.എം ഈശ്വരറാവു അറിയിച്ചു. അപകടത്തെ തുടർന്ന് അദ്ദേഹം കണ്ണൂരിലെത്തി തീവെപ്പുണ്ടായ കോച്ച് പരിശോധിച്ചു.

സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ചെറിയ സ്റ്റേഷനുകളിലടക്കം കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ട്രെയിനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ജീവനക്കാരുടെ ക്ഷാമം ഉണ്ട്. അതുകൊണ്ട് എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ജീവനക്കാരുടെ കുറവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്കാനറുകൾ സ്ഥാപിക്കും. പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാവിധ സഹകരണവും ഉറപ്പാക്കുമെന്നും ഈശ്വരറാവു പറഞ്ഞു. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താൻ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ എഡിജിപി എം.ആർ അജിത്കുമാറിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.