KOYILANDY DIARY

The Perfect News Portal

ട്രംപ്‌ അറസ്‌റ്റിൽ ; ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട്‌ അറസ്‌റ്റിലാകുന്ന ആദ്യ മുൻ യുഎസ്‌ പ്രസിഡന്റ്

വാഷിങ്‌ടൺ: ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ മുൻനീലച്ചിത്രനടിക്ക്‌ പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌ അറസ്‌റ്റിൽ. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തിയാണ്‌ ട്രംപ്‌ കീഴടങ്ങി. ജഡ്‌ജ്‌ കുറ്റപത്രം വായിച്ച്‌ കേൾപ്പിച്ചശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട്‌ അറസ്‌റ്റിലാകുന്ന ആദ്യ മുൻ യുഎസ്‌ പ്രസിഡന്റാണ്‌ ട്രംപ്‌. മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‌ ഒടുവിലാണ് ട്രംപിനെ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്.  സ്‌റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം പരസ്യമാക്കാതിരിക്കാൻ ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ  സ്‌റ്റോമിക്ക്‌ 1,30,000 ഡോളർ നൽകി എന്നാണ്‌ കേസ്‌. തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ട്രംപ് കോഹന് ഈ തുക വക്കീൽഫീസ്‌ ഇനത്തിൽപ്പെടുത്തി നൽകി. ബിസിനസ്‌ രേഖകളിൽ ട്രംപ്‌ കൃത്രിമംകാട്ടിയത്‌ കുറ്റകരമെന്നാണ്‌ കണ്ടെത്തൽ.

2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ്‌ ട്രംപിന്റെ അറസ്‌റ്റ്‌. അറസ്‌റ്റ്‌ ചെയ്യപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുന്നതിന് തടസ്സമില്ലെങ്കിലും റിപ്പബ്ലിക്കൻ പാർടിയിലെ എതിരാളികൾ ട്രംപിനെതിരെ ആയുധമാക്കിയേക്കാം.   ട്രംപ്‌ ഹാജരാകുന്നത്‌ കണക്കിലെടുത്ത്‌ ന്യൂയോർക്ക്‌ നഗരത്തിലും ട്രംപ്‌ ടവറിന്‌ മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ട്രംപിനെ പിന്തുണച്ച്‌ നഗരത്തിൽ അനുയായികളുടെ പ്രകടനങ്ങൾ നടന്നു. കോടതി നടപടികൾ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്‌ വിലക്കണമെന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ കാമറ ഒഴികെയുള്ള കാമറകൾക്ക്‌ കോടതി അനുവാദം നൽകിയിരുന്നു.

Advertisements

കോടതിയിൽ കീഴടങ്ങുന്നതിന്‌ മുമ്പും മാന്‍ഹാട്ടന്‍ അറ്റോര്‍ണിക്കും ജഡ്‌ജിനുമെതിരെ രൂക്ഷ വിമർശമുയർത്തി ഡോണൾഡ്‌ ട്രംപ്‌. മാൻഹാട്ടൻ ജില്ലാ അറ്റോർണി ആല്‍വിന്‍ ബ്രാഗ് നിഷ്‌പക്ഷനല്ലെന്നും കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും ട്രംപ് ആരോപിച്ചു. ജഡ്‌ജ്‌ ജുവാൻ മെർച്ചിന്റെ കുടുംബം പരമ്പരാഗതമായി ട്രംപ്‌ വിരുദ്ധരാണെന്നും തനിക്കെതിരായ നടപടി എടുത്തത്‌ കംഗാരു കോടതിയാണെന്നും ട്രംപ്‌ പറഞ്ഞു. അമേരിക്കയ്‌ക്ക്‌ ദുരന്തദിനമാണെന്നും ‘രാജ്യത്തെ മാർക്‌സിസ്‌റ്റ്‌ മൂന്നാം ലോക’ രാജ്യമാക്കാനാണ്‌ നീക്കമെന്നും ട്രംപ്‌ പറഞ്ഞു.

Advertisements