വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേർ മരിച്ച സംഭവം, വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേർ മരിച്ച സംഭവം വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിഷ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ജനറേറ്റര്‍ വാഹനത്തിനു പുറത്തുവെയ്ക്കാതെ പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

മരണപ്പെട്ട രണ്ടു പേരുടെയും ശരീരത്തിൽ അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് ഉണ്ടായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇത് എസി പ്രവർത്തിപ്പിച്ച ജനറേറ്ററിൻ്റെ പുകയില്‍ നിന്നായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ, വാഹനത്തിൽ ഗ്യാസ് ലീക്കുണ്ടായതെങ്ങനെയെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

