അനധികൃത ഭൂമി കൈവശം വെച്ച കേസ്; ഹാജരാകാൻ കൂടുതൽ സമയം ചോദിച്ച് മാത്യു കുഴൽനാടൻ

അനധികൃത ഭൂമി കൈവശം വെച്ച കേസിൽ ഹാജരാകാൻ കൂടുതൽ സമയം ചോദിച്ച് എംഎൽഎ മാത്യു കുഴൽനാടൻ. കേസിൽ ഇന്ന് താലൂക്ക് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും ഹാജരാകാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്നുമാണ് കുഴൽനാടൻ ആവശ്യപ്പെട്ടത്. കെപിസിസി ജാഥയും മറ്റു മീറ്റിങ്ങുകളും ചൂണ്ടിക്കാണിച്ചാണ് സമയം നീട്ടികൊടുക്കാനുള്ള അപേക്ഷ.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെൻ്റ് സർക്കാർ ഭൂമി കൈവശം വച്ചതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവച്ചതോടെയാണ് തുടർനടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോയത്. തെളിവുകൾ ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

