KOYILANDY DIARY

The Perfect News Portal

എനിക്ക് ഒരു രാഷ്ട്രീയക്കാരനാകാൻ കഴിയില്ല: തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വയം സംശയം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി

തൃശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വയം സംശയം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി. “തീര്‍ത്തും ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍. തീര്‍ത്തും രാഷ്ട്രീയക്കാരനാകാന്‍ എന്നെക്കൊണ്ട് പറ്റില്ല” എന്നാണ് തൃശൂർ മണ്ഡലത്തിൽ ബി ജെ പിയുടെ സ്ഥാനാർഥിയായ നടൻ്റെ വാക്കുകൾ. 

 ലൂര്‍ദ് പള്ളിയില്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണ്ണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുമ്പോഴാണ് ഈ ഏറ്റുപറച്ചിൽ. കിരീടം സ്വർണ്ണം പൂശിയത് മാത്രമാണെന്ന കണ്ടെത്തൽ പുറത്ത് വന്നതോടെ നടൻ പൊതുജനത്തിൻ്റെ ട്രോളുകൾക്ക് വിധേയമായിരുന്നു. കിരീട സമർപ്പണം നടത്തവെ അത് താഴത്ത് വീണതും വാർത്തയായിരുന്നു.

Advertisements

‘തൃശ്ശൂരിലെ വൈബ് കഴിഞ്ഞ ആറരവര്‍ഷമായി ആനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യസഭാ എം.പിയാവുന്നതിനും രണ്ടുവര്‍ഷം മുമ്പ് മുതല്‍, എട്ടുവര്‍ഷമായി തൃശ്ശൂര്‍ സൗഖ്യം കിട്ടുന്നുണ്ട്. ആ സൗഖ്യത്തിലും വര്‍ധനവും ലഭിക്കുന്നുണ്ട്. വരത്തന്‍ എന്ന നിലയ്ക്കുതന്നെ എനിക്ക് തൃശ്ശൂര്‍ക്കാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്ന ആത്മവിശ്വാസം എന്നെ വളരെ ശക്തനാക്കുന്നുണ്ട്. തീര്‍ത്തും ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍. തീര്‍ത്തും രാഷ്ട്രീയക്കാരനാകാന്‍ എന്നെക്കൊണ്ട് പറ്റില്ല. എല്ലാവരേയും സഹായിക്കാനൊത്തു എന്ന് വരില്ല. പക്ഷേ, എല്ലാവരേയും സഹായിക്കുന്നതായ, നാടിന് ഗുണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം’, എന്നായിരുന്നു വാക്കുകൾ.

Advertisements

വിവാദമൊന്നും താനായിട്ട് ഉണ്ടാക്കിയിട്ടില്ല. വിരോധം സൃഷ്ടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുകയാണ്. ‘ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവര്‍ക്കാ പ്രശ്‌നമില്ല. പ്രശ്‌നമുള്ളവര്‍ ഇതില്‍ അധികം ചര്‍ച്ചിക്കണ്ട’, എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

 

സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ടിരുന്നു. തന്‍റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയതെന്നായിരുന്നു ഇതിനോട് സുരേഷ്ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.