KOYILANDY DIARY

The Perfect News Portal

‘മണ്ണിനെ സംരക്ഷിക്കൂ’ സന്ദേശവുമായി ജർമൻ യുവാവ്‌ സൈക്കിൾ ചവിട്ടിയെത്തിയത്‌ ഇന്ത്യയിൽ

പാലക്കാട്‌: ‘മണ്ണിനെ സംരക്ഷിക്കൂ’ സന്ദേശവുമായി ജർമൻ യുവാവ്‌ സൈക്കിൾ ചവിട്ടിയെത്തിയത്‌ ഇന്ത്യയിൽ. നംബർഗ്‌ സ്വദേശി കോൺസ്റ്റന്റിൻ സുൽസ്കി എന്ന ഇരുപത്തെട്ടുകാരനാണ്‌ ഭൂഖണ്ഡങ്ങൾ താണ്ടി അപൂർവവും സാഹസികവുമായ യാത്ര നടത്തി ഇന്ത്യയിലെത്തിയത്‌. 2023 മെയ്‌ 29ന്‌ പുറപ്പെട്ട്‌ ചെക്‌റിപ്പബ്ലിക്‌, ഓസ്ട്രിയ, സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ, മൊണ്ടിനെഗ്രോ, അൽബേനിയ, ഗ്രീസ്‌, തുർക്കി, ജോർജിയ, അർമേനിയ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒമ്പതുമാസംകൊണ്ട്‌ പിന്നിട്ടു. 

ഡിസംബർ 17ന്‌ പാകിസ്ഥാനിൽനിന്ന്‌ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചു. ഫെബ്രുവരി 26ന്‌ മംഗളൂരുവഴി കേരളത്തിലും മാർച്ച്‌ മൂന്നിന്‌ പാലക്കാട്ടും എത്തി. മാർച്ച്‌ എട്ടിന്‌ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും. സംഗീതഞ്ജൻ, ഗിറ്റാറിസ്‌റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുൽസ്കി പതിനെട്ടാം വയസ്സിലാണ്‌ ആദ്യയാത്ര നടത്തിയത്‌. യാത്രയ്‌ക്കിടെ കണ്ട പ്രകൃതിയെയും ജീവജാലങ്ങളെയും ഏറെ ഇഷ്‌ടമായി. ഒപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളെയും പഠിച്ചു. ഏറ്റവും ആകൃഷ്‌ടനായത്‌ മണ്ണിനോടാണ്‌.

 

ഭൂമിശാസ്ത്ര ബിരുദധാരികൂടിയായ സുൽസ്കിക്ക്‌ മണ്ണിനായി പ്രവർത്തിക്കാൻ പ്രചോദനമായത്‌ സോയിൽ സയൻസ്‌ പഠിപ്പിച്ച അധ്യാപകനാണ്‌. പാരിസ്ഥിതിക സന്തുലനാവസ്ഥ, ജൈവശോഷണം, മലിനീകരണം തുടങ്ങി വിവിധ പ്രശ്‌നങ്ങളിൽ ആശങ്കാജനകമായ സ്ഥിതിവിശേഷങ്ങൾ ലോകമെങ്ങും സംഭവിക്കുന്നു. ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ്‌ യാത്രയിലേക്ക്‌ നയിച്ചതെന്ന്‌ സുൽസ്കി പറഞ്ഞു. പഠനശേഷം തെരുവുസംഗീത പരിപാടികളുമായി നടക്കുമ്പോഴാണ്‌ ഇന്ത്യയിലെ ഇഷ ആദിയോഗി സദ്‌ഗുരുവിന്റെ  ‘സേവ്‌ സോയിൽ, സേവ്‌ ഇന്ത്യ’ പ്രസ്ഥാനത്തെക്കുറിച്ച്‌ അറിഞ്ഞത്‌.

Advertisements

 

ആ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അതിനാണ്‌ സൈക്കിളിൽ യാത്ര പുറപ്പെട്ടത്‌. ഇതിനായി പണം സ്വരൂപിക്കാൻ തെരുവിൽ സംഗീതപരിപാടികൾ നടത്തിക്കിട്ടിയ പണവുമായി ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. മനുഷ്യരാശിയുടെ നിലനിൽപ്പ്‌ മണ്ണിനെ ആശ്രയിച്ചാണെന്നും മണ്ണ്‌ മനുഷ്യന്‌ ജീവവായുപോലെ വിലപ്പെട്ടതാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ്‌ ഈ യാത്രയിലൂടെ എന്നും അദ്ദേഹം വ്യക്തമാക്കി.