KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസിൻ്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു. കോട്ടയം കടുത്തുരുത്തി മധുരവേലിയിൽ രക്ഷിതാക്കളാണ് ആശുപത്രിക്ക് തുടക്കം കുറിച്ചത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. നിർധനർക്കായി ഒരാശുപത്രി തുടങ്ങണമെന്ന് ആഗ്രഹവുമായിട്ടാണ് വന്ദനദാസ് വൈദ്യശാസ്ത്ര പഠനം തുടങ്ങിയത്. എം.ബി.ബി.സ് പഠനം പൂർത്തിയാക്കി കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ജോലി നോക്കുന്നതിനിടയിലാണ് ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടത്.

ഏക മകളുടെ മരണം മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ആശുപത്രിയെന്ന മകളുടെ ആ സ്വപ്നമാണ് മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ നാട്ടുകാർക്ക് ലഭ്യമാക്കാനാണ് മാതാപിതാക്കൾ ഉദ്ദേശിക്കുന്നത്.

 

ആറ് ബെഡുകൾ ഉള്ള ആശുപത്രിയാണ് തുടങ്ങിയിരിക്കുന്നത്. ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ 24 മണിക്കൂർ ഡോക്ടർ സേവനമടക്കം ലക്ഷ്യമെടുന്നുണ്ട്. നേരത്തെ തൃക്കുന്നത്തു പുഴയിൽ വന്ദനയുടെ പേരിൽ ക്ലിനിക് ആരംഭിച്ചിരുന്നു. കൂടാതെ വന്ദനയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് നിരവധി സഹായ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

Advertisements
Share news