സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇതിനൊപ്പം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ചത്തീസ്ഗഡ് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ഇബിയും അറിയിപ്പ് നൽകി.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. അതേസമയം, തൃശൂർ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

