KOYILANDY DIARY.COM

The Perfect News Portal

അജൈവ മാലിന്യങ്ങൾ കൊണ്ട് മനോഹരമായ അത്തക്കളം തീർത്ത് ഹരിത കർമ്മ സേനാംഗങ്ങൾ

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ അജൈവ മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച മനോഹരമായ അത്തക്കളം ശ്രദ്ധേയമായി. മത്സ്യ മാർക്കറ്റ് കോംപ്ലക്സിനു മുകളിൽ പ്രവർത്തിക്കുന്ന MCF കേന്ദ്രത്തിലെ അജൈവ മാലിന്യങ്ങൾ കൊണ്ടാണ് മനോഹരമായ അത്തക്കളം ഒരുക്കിയത്. ഹരിത കർമ്മസേന നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പേ ആവശ്യമായ പാഴ് വസ്തുക്കൾ മാറ്റിവെച്ചാണ് അത്തക്കളം ഒരുക്കിയിട്ടുള്ളത്.

നിസാരമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ, കുപ്പിച്ചില്ല്, ഉപയോഗശൂന്യമായ പേപ്പറുകൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരത്തിൽ പൂക്കളത്തിനു സമാനമായ അത്തക്കളം ഒരുക്കിയത്. പൂക്കൾ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് അജൈവ മാലിന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്നതെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രകൃതിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നയനമനോഹരമായ ഈ കലാസൃഷ്‌ടി ഒരുക്കിയ ഹരിത കർമ്മ സേനാംഗങ്ങളെ നഗരസഭ ചെയർപേഴ്സൺ U K ചന്ദ്രൻ അഭിനന്ദിച്ചു. ഹരിതകർമ്മ സേന എംസിഎഫ് യൂണിറ്റ് പ്രസിഡണ്ട് റീന, സെക്രട്ടറി സുനില കെ, ശാലിനി, സരിജ, ശാന്ത കെ.ടി, ഗീത, ധന്യ, ശ്രീജ, മോളി എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ അത്തക്കളം നിർമ്മിച്ചത്.

Share news
error: Content is protected !!