സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 വനിതാ സംരംഭങ്ങള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

വിനോദ സഞ്ചാര മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരം നല്‍കാനായി സ്ത്രീപക്ഷ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയെ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് ആഗോള ലിംഗസമത്വ ഉത്തരവാദിത്വ വനിതാ സമ്മേളനം യുഎന്‍ വുമണിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.

ഉത്തരവാദിത്വ ടൂറിസം മിഷനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത തദ്ദേശീയ ഭക്ഷണം നല്‍കുന്ന സംരംഭങ്ങള്‍ക്കായി വീട്ടമ്മമാര്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. സ്ത്രീകള്‍ക്ക് മാത്രമായി ഡിസ്‌കൗണ്ട് ടൂര്‍ പാക്കേജുകളുണ്ടാകും. സ്ത്രീകള്‍ ഉടമകളായ ഹോംസ്റ്റേകള്‍ക്കും തദ്ദേശീയ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നുണ്ട്.

ഉത്തരവാദിത്വ ടൂറിസം ക്ലബുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും നല്‍കാന്‍ 30 ലക്ഷം രൂപ ധനസഹായം അനുവദിക്കും. സംസ്ഥാനത്തെ ടൂറിസത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി നിലവില്‍ 1.50 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചിരിക്കുന്നത്. കേരളമാണ് ഇന്ത്യയില്‍ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം. ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

