ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയുടെ നവീകരിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധി സാങ്കേതിക വിദ്യ സാമൂഹിക വികസനത്തിന് പ്രാപ്തമാകുന്ന തരത്തിൽ വികസിപ്പിക്കണം. സാങ്കേതികവിദ്യ സേവനത്തിനെന്ന പോലെ ഉൽപ്പാദനമേഖലയിലടക്കം ഉപയോഗപ്പെടുത്താനും സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരിൽ എത്തിക്കാനുമാകണം.

എഐ അധിഷ്ഠിത തൊഴിലുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കണം. കേരളം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിൽ ആലോചനകളുണ്ടാകണം. അറിവ് അക്കാദമിക മേഖലയിൽ ചുരുങ്ങുന്നുവെന്ന പരിമിതി മറികടക്കണം. തദ്ദേശ അറിവുകളും നൈപുണ്യവും വികസിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവകലാശാല എഐ സെന്റർ വികസിപ്പിച്ച ‘കൈരളി’ എഐ പ്രോസസർ ചിപ്പിന്റെയും ‘എഐ ഫോർ ഓൾ’ – കപ്പാസിറ്റി ബിൽഡിങ് പ്രോജക്ടുകളുടെ സംഗ്രഹത്തിന്റെയും പ്രകാശനം, ബിസിനസ് മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ ഉന്നതസ്ഥാനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സൗജന്യ നൈപുണ്യ തൊഴിൽ പരിശീലനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രിമാരായ ആർ ബിന്ദു, പി രാജീവ്, കെ രാധാകൃഷ്‌ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വൈസ് ചാൻസിലർ സജി ഗോപിനാഥ്, ഐടി സെക്രട്ടറി രത്തൻ യു ഖേൽക്കർ എന്നിവർ സംസാരിച്ചു.

