KOYILANDY DIARY

The Perfect News Portal

തോരായി പഴയ പള്ളി നേർച്ചക്ക് കൊടിയേറി

അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ തോരായി പഴയ പള്ളി നേർച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീൻ ഹൈതമി പള്ളി അങ്കണത്തിൽ കൊടി ഉയർത്തി. പ്രാർത്ഥനയും നിർവ്വഹിച്ചു. ഇതോടെ നേർച്ചയുടെ പരിപാടികൾക്ക് തുടക്കമായി. മൂന്നരപതിറ്റാണ്ടിലേറെകാലം പിതാവായ കാപ്പാട് ഖാസിയായിരുന്ന പി.കെ ശിഹാബുദ്ദീൻ ഫൈസി നടത്തിവന്ന കൊടിയേറ്റൽ കർമ്മമാണ് അദ്ദേഹത്തിൻ്റെ മരണശേഷം ചുമതലയേറ്റ മകൻ പി.കെ നൂറുദ്ദീൻ ഹൈതമി ആദ്യമായി നിർവ്വഹിച്ചതെന്നത് ശ്രദ്ധേയമായി. മഹല്ല് സെക്രട്ടറി ജലീൽ പാടത്തിൽ, ട്രഷറർ യു.കെ മൊയ്തീൻ കുഞ്ഞി, നേർച്ചകമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ പുതുശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
തോരായി ജുമ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന, തോരായി പള്ളി നേർച്ചക്ക് ആരംഭം കുറിക്കുകയും പള്ളി, മദ്രസ, സ്കൂൾ എന്നിവയ്ക്ക് തുടക്കമേകുകയും ചെയ്ത മൊയ്തീൻ കുട്ടി മുസ് ല്യാരുടെ ഖബറിടത്തിൽ ഖത്തീബ് ആബിദ് സഖാഫിയുടെ നേതൃത്വത്തിൽ നടന്ന സിയാറത്തിനും പ്രാർത്ഥനക്കും ശേഷം കൊടിയുമേന്തി വരവ് നേർച്ച സ്ഥലമായ പഴയ പള്ളിയിൽ പ്രവേശിച്ചു. തുടർന്നാണ് കൊടിയേറ്റൽ ചടങ്ങ് നടന്നത്. മാർച്ച് 1, 2, 3 തിയ്യതികളിലായി മത പ്രഭാഷണവും 4, 5 തിയ്യതികളിൽ പ്രധാന ചടങ്ങായ മജ്ലിസുന്നൂർ, ദിഖ്റ് ദുആ സമ്മേളനം, ഉദ്ബോധന പ്രസംഗം, മൗലീദ് സദസ്, ഖത്തം ദുആ എന്നിവ നടക്കും. 6 ന് അന്നദാനത്തോടെ നേർച്ച സമാപിക്കും.