KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത; ഷിഫ്റ്റ് സമയത്തില്‍ മാറ്റം, ഓവര്‍ ടൈം അലവന്‍സും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനി മുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു.

പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതമായിരിക്കും(6+6) ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ സമ്പ്രദായം നടപ്പാക്കാനിരുന്നത്. എന്നാല്‍ പുതിയ ഉത്തരവവനുസരിച്ച് എല്ലാ സ്വകാര്യാശുപത്രികളിലും ഉത്തരവ് ബാധകമാണ്. മാത്രമല്ല ഓവര്‍ ടൈം ജോലി ചെയ്യുന്നവര്‍ക്കും ആശ്വാസകരമായ വാര്‍ത്തയാണ് വരുന്നത്.

ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെങ്കില്‍ കൃത്യമായി ഓവര്‍ടൈം അലവന്‍സ് നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ തൊഴില്‍ സമയം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements
Share news