കഞ്ചാവ് സൂക്ഷിച്ചത് പൂജാമുറിയിലെ വിഗ്രഹങ്ങള്‍ക്ക് പിന്നില്‍, റെയ്ഡ് നടക്കുന്ന സമയത്തും പൂജ; ഒടുവില്‍ പിടിവീണു

പൂജാമുറിയിലെ വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ കഞ്ചാവ് സൂക്ഷിച്ച സഭവത്തില്‍ നിരവധി പേര് അറസ്റ്റില്‍. ഹൈദരാബാദിലെ ധൂല്‍പേട്ടില്‍ നടന്ന റെയ്ഡുകളില്, ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും പിന്നില്‍ കഞ്ചാവ് പൊതികള്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ ആദ്യം റെയ്ഡ് നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്തിയിരുന്നില്ല എന്നാല്‍ റെയ്ഡ് നടക്കുന്ന സമയത്ത് ചില പ്രതികള്‍ പൂജാമുറിയില്‍ പൂജ നടത്തുകയായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൂജാമുറി വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം പത്തുകിലോയോളം കഞ്ചാവാണ് പ്രതിയുടെ താമസസ്ഥലത്തുണ്ടായിരുന്നത്. പൊതികളാക്കി ദൈവങ്ങളുടെ ചിത്രങ്ങളുടെ പിറകിലായാണ് ഇവ രഹസ്യമായി സൂക്ഷിച്ചിരുന്നത്.

ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും ഹൈദരാബാദിലെ ഗച്ചിബൗളി, മാധാപൂര്‍, മറ്റ് ഐടി മേഖലകളിലെ ഏജന്റുമാര്‍ക്ക് 5, 10, 15, 20 ഗ്രാം പാക്കറ്റുകളായി വിതരണം ചെയ്യുകയായിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായി.

