KOYILANDY DIARY

The Perfect News Portal

മണിപ്പുരിൽ കുക്കി സ്‌ത്രീകളെ വിവസ്‌ത്രരാക്കി നടത്തി ബലാത്സംഘം ചെയ്ത സംഭവം അന്തർദേശീയ വാർത്തയായി

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി സ്‌ത്രീകളെ വിവസ്‌ത്രരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത ഞെട്ടിപ്പിക്കുന്ന സംഭവം അന്തർദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. ബിബിസി, അൽജസീറ, ന്യൂയോർക്ക്‌ ടൈംസ്‌, ദ ഗാർഡിയൻ, ദ ടൈംസ്‌ തുടങ്ങിയ മാധ്യമങ്ങൾ മണിപ്പുർ വാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകി. ദേശീയ ദിനപത്രങ്ങളും രണ്ടാം ദിവസം മോശമല്ലാത്ത രീതിയിൽ തുടർവാർത്തകൾ റിപ്പോർട്ടുചെയ്‌തു. എന്നാൽ, മോദി അനുകൂല ദൃശ്യമാധ്യമങ്ങൾ മണിപ്പുർ വാർത്ത പരമാവധി തമസ്‌കരിച്ചു.

മണിപ്പുർ സംഭവത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിനു മുന്നിൽ നടത്തിയ പ്രസ്‌താവനയ്‌ക്കാണ്‌ സർക്കാർ അനുകൂല ഹിന്ദി–- ഇംഗ്ലീഷ്‌ ചാനലുകൾ പ്രാധാന്യം നൽകിയത്‌. എന്നാൽ, ഹിന്ദി ദിനപത്രങ്ങൾ പൊതുവിൽ ഒന്നാം പേജിൽത്തന്നെ മണിപ്പുർ വാർത്ത പ്രാധാന്യത്തോടെ കൈകാര്യം ചെയ്‌തു. സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും ഹിന്ദി പത്രങ്ങളിൽ പ്രാമുഖ്യത്തോടെ ഇടംപിടിച്ചു.

Advertisements

മോദി ഭരണത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട തുടരുന്നതിന്‌ ഉദാഹരണമായാണ്‌ പല അന്തർദേശീയ മാധ്യമങ്ങളും മണിപ്പുർ വാർത്തയെ സമീപിച്ചത്‌. ക്രിസ്‌ത്യൻ സ്‌ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്‌ ഇന്ത്യയിൽ വിവാദമായി മാറുന്നുവെന്നാണ്‌ ‘ദ ടൈംസ്‌’ വാർത്ത നൽകിയത്‌.

Advertisements

മണിപ്പുർ വിഷയത്തിൽ ഒടുവിൽ മോദി പ്രതികരിച്ചുവെന്നാണ്‌ ‘ദ ഗാർഡിയൻ’ ന്റെ തലക്കെട്ട്‌. മോദി ഒടുവിൽ സംസാരിച്ചെന്ന്‌ അൽജസീറയും റിപ്പോർട്ടുചെയ്‌തു. മണിപ്പുർ സംഭവം ഇന്ത്യയെ ഞെട്ടിച്ചുവെന്നും വലിയ പ്രതിഷേധം ഉയരുന്നുവെന്നും ബിബിസി, ന്യൂയോർക്ക്‌ ടൈംസ്‌ തുടങ്ങിയ മാധ്യമങ്ങൾ വാർത്ത നൽകി.
മോദിയുടെ വൈകിയുള്ള പ്രതികരണത്തെ പരിഹസിച്ച്‌ മുതല കണ്ണീരൊഴുക്കുന്ന ചിത്രമാണ്‌ ‘ദ ടെലഗ്രാഫ്‌’ ഒന്നാം പേജിൽ നൽകിയത്‌. 56 ഇഞ്ച്‌ തൊലി പിളർക്കാൻ 79 ദിവസം വേണ്ടിവന്നുവെന്നും ടെലഗ്രാഫ്‌ കുറിച്ചു. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്‌, ഇന്ത്യൻ എക്‌സ്‌പ്രസ്‌ തുടങ്ങിയ ദിനപത്രങ്ങളും മണിപ്പുരിൽ സ്‌ത്രീകൾ പീഡിപ്പിക്കപ്പെട്ടതിന്റെ തുടർവാർത്തകൾ പ്രാധാന്യത്തിൽ നൽകി.

ഡൽഹിയിൽ 
വിദ്യാർഥി– യുവജന പ്രതിഷേധം മണിപ്പുരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും കുക്കി വനിതകൾക്കെതിരായ ക്രൂരമായ പീഡനത്തിൽ പ്രതിഷേധിച്ചും തലസ്ഥാനത്ത്‌ വിദ്യാർഥി– യുവജന പ്രതിഷേധം.

എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾ സംയുക്തമായി ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിൽ മണിപ്പുർ സ്വദേശികളടക്കം നൂറോളം പേരാണ്‌ പങ്കെടുത്തത്‌. മോദി ഭരണത്തിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും മണിപ്പുരിലെ ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടുവെന്നും യോഗം ഉദ്‌ഘാടനംചെയ്‌ത ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി പറഞ്ഞു.

സംസ്ഥാനത്ത്‌ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ എന്നിവരും സംസാരിച്ചു.

25ന് മണിപ്പുർ ഐക്യദാർഢ്യദിനം മണിപ്പുരിൽ മാസങ്ങളായി തുടരുന്ന കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ പിന്തുണയുമായി സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ സംഘടനകൾ ചൊവ്വാഴ്‌ച രാജ്യവ്യാപകമായി ഐക്യദാർഢ്യദിനമാചരിക്കും. സംസ്ഥാനത്ത്‌ ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇരകൾക്ക്‌ പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത പ്രകടനങ്ങൾ, മെഴുകുതിരി മാർച്ചുകൾ, പൊതുയോഗങ്ങൾ തുടങ്ങിയവ നടത്തും.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും വിഭജന രാഷ്‌ട്രീയം പൊതുജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാട്ടിയാകും ദിനാചരണം. കുക്കി വനിതകളെ നഗ്നരാക്കി നടത്തിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ ചൂണ്ടിക്കാട്ടി. പതിനഞ്ച്‌ ദിവസത്തോളം മുൻമുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർടി നേതാക്കൾ ഡൽഹിയിൽ തങ്ങി കൂടിക്കാഴ്‌ചയ്‌ക്ക്‌ ശ്രമിച്ചിട്ടും മോദി അനുവദിച്ചില്ലന്നും അഖിലേന്ത്യ പ്രസിഡണ്ട് അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.