KOYILANDY DIARY

The Perfect News Portal

ഫൈബർ വള്ളം മറിഞ്ഞ് നാല് പേർക്ക് പരിക്ക്

എലത്തൂർ: ഫൈബർ വള്ളം മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മീൻപിടിത്തത്തിന്‌ പോയ ഫൈബർ ഔട്ട്ബോർഡ് ഫൈബർ ശക്തമായ കാറ്റിൽ കടലിൽ തലകീഴായി മറിഞ്ഞു. പുതിയങ്ങാടി സ്രാമ്പി പറമ്പിൽ അബൂബക്കർ (57), പുതിയാപ്പ മുകവൻകണ്ടി ധനേഷൻ (54), ഭട്ട് റോഡ് തൈക്കൂട്ടം പറമ്പിൽ സജീന്ദ്രൻ (54), പുതിയാപ്പ സ്വദേശി പുഷ്‌കരൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഞായർ രാവിലെ 9 ന് ഹാർബറിന്‌ പടിഞ്ഞാറുഭാഗത്തെ പുലിമുട്ടിൽനിന്ന്‌ ഒന്നര കിലോമീറ്റർ അകലെയാണ്‌ അപകടം. പുലർച്ചെ മീൻപിടിക്കാൻ പോയ തൊഴിലാളികൾ കാറ്റ്‌ ശക്തമായതിനെ തുടർന്ന്‌ തിരിച്ചുവരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സ്രാമ്പി പറമ്പിൽ നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ഹരിനാമം’ വള്ളമാണ്‌ മറിഞ്ഞത്‌. അപകടസമയം 23 തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു.

Advertisements
വള്ളം തകർന്നതോടൊപ്പം പുതുതായി വാങ്ങിയ വല മുറിഞ്ഞ് ഉപയോഗശൂന്യമായി. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. തീരദേശ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ബോട്ടും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി. തീരദേശ പൊലീസിന്റെ ബോട്ട് കടലിൽ കേടായതോടെ മറ്റൊരു ബോട്ട്‌ എത്തിച്ചാണ്‌ ഇത്‌ കരയ്ക്കെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിന്‌ എത്തിയ ‘വിഷ്ണുപ്രിയ’ ഫൈബർ വള്ളത്തിനും കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടായി. ജയകൃഷ്ണ, റോയൽ എന്നീ ഇൻബോർഡ് വള്ളങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. ഫിഷറീസ് റെസ്ക്യു ഗാർഡുമാരായ മിഥുൻ, വിഘ്നേശ്, സായൂജ്, മറൈൻ പൊലീസ് ഓഫീസർ അരുൺ, ഫിഷറീസ് അസി. രജിസ്ട്രാർ കെ വിദ്യാധരൻ, കോർപറേഷൻ കൗൺസിലർ എം കെ മഹേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്ന് നേതൃത്വംനൽകി.