KOYILANDY DIARY.COM

The Perfect News Portal

ആദിത്യ എല്‍-1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ പുറത്ത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്യുഐടി) ഉപയോഗിച്ചാണ് ആദിത്യ എല്‍-1 ചിത്രങ്ങള്‍ പകര്‍ത്തിയത്. ഐഎസ്ആര്‍ഒ ആണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

 കഴിഞ്ഞ ആറിന് പകര്‍ത്തിയ ചിത്രങ്ങള്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് പുറത്തുവിട്ടത്. 200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സണ്‍ സ്‌പോട്ട്, പ്ലാഗ്, ക്വയറ്റ് സണ്‍ തുടങ്ങിയ ഭാഗങ്ങള്‍ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

 

സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്.  

Advertisements
Share news