നാട്ടിൻപുറങ്ങളിലെ വാഴകളിൽ പുഴുശല്യം വ്യാപകമാകുന്നതിൽ കർഷകരിൽ ആശങ്ക

കൊയിലാണ്ടി: നാട്ടിൻപുറങ്ങളിലെ വാഴകളിൽ പുഴുശല്യം വ്യാപകമാകുന്നതിൽ കർഷകരിൽ ആശങ്ക. കൊയിലാണ്ടി മേഖലയിൽ പന്തലായനി, വിയ്യൂർ, പുളിയഞ്ചേരി തുടങ്ങിവിവിധ പ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളിൽ ഇല തീനി പുഴുക്കളുടെ ആക്രമണം വൻ നാശനഷ്ടങ്ങൾ വരുത്തുന്നുവെന്നാണ് കർഷകരുടെ പരാതി. ഇലകളാണ് ഇവ പ്രാനമായും ഭക്ഷണമാക്കുന്നത്.
.

.
നേന്ത്രവാഴ, ഏത്തവാഴ, നടൻ, പൂവൻ, കദളി, മൈസൂർ തുടങ്ങിയ ഇനങ്ങളിൽപെട്ട വാഴകളുടെ കൂമ്പിലകളിലാണ് തുടക്കത്തിൽ പുഴുക്കളുടെ പരാക്രമം. ക്രമേണ ഇലകളിലേക്ക് വ്യാപിച്ച് അവയുടെ പച്ച നിറം നഷ്ടപ്പെട്ട് വെളുത്ത ടിഷ്യു പേപ്പർ പോലെ രൂപമാറ്റം സംഭവിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ വാഴത്തടിയിലും ഇവ ചെറിയ സുഷിരങ്ങളുണ്ടാക്കി കാമ്പിൽ പ്രവേശിക്കുന്നതോടെ വാഴകൾ തണ്ടൊടിഞ്ഞു നിലം പതിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ കുലച്ച വാഴകൾ ഏറെ നശിക്കുന്നതായും കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇലതീനിപ്പുഴുക്കളുടെ വ്യാപനത്തിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പ്രതികരണം.
