ജലക്ഷാമം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിൽ
തൃശൂർ: വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ കർഷകരും പ്രതിസന്ധിയിൽ. പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റിയതോടെ നന കുറഞ്ഞതും ചൂട് കൂടിയതുമാണ് നെൽകൃഷി ഉൾപ്പെടെ വ്യാപക കൃഷിനാശം സംഭവിക്കാനുള്ള പ്രധാന കാരണം. ജില്ലയിൽ ചാഴൂർ, അന്തിക്കാട്, പാറളം, മുല്ലശേരി, അടാട്ട്, മണലൂർ, പൊറത്തിശേരി എന്നിവിടങ്ങളിലാണ് വിളനാശം വ്യാപകമായിട്ടുള്ളത്. ഒരേക്കറിൽ രണ്ടുമുതൽ മൂന്നുവരെ ടൺ- നെല്ലുൽപ്പാദിപ്പിക്കാറുള്ളിടത്ത് ഈ വർഷം അരടൺ മുതൽ മുക്കാൽടൺ വരെ മാത്രമാണ് ലഭിച്ചത്.

കർഷകർക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. സാധാരണ മെയ് പകുതിയോടെ വിളവെടുപ്പ് കഴിയേണ്ടതാണ്. എന്നാൽ, കാര്യമായി കൊയ്യാൻ പാടത്ത് നെല്ലില്ലാതെ ഉണങ്ങിക്കിടക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്യേണ്ട ഇടമഴ ഇത്തവണ ലഭിക്കാത്തതാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. വിളവെടുപ്പ് നേരത്തേ കഴിഞ്ഞയിടത്ത് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല. നെൽകൃഷി കൂടാതെ വാഴകൃഷിയേയും പച്ചക്കറികൃഷികളേയും ജലക്ഷാമം സാരമായി ബാധിച്ചു.

സമീപത്തെ കിണറ്റിൽനിന്ന് മോട്ടർ ഉപയോഗിച്ചാണ് പലരും കൃഷികൾ നനയ്ക്കുന്നത്. എന്നാൽ വെയിലേൽക്കുന്നതോടെ പാടത്ത് ജലാംശം പൂർണമായി വറ്റുന്ന സ്ഥിതിയാണ്. കൃഷിഭൂമിയിൽ പുതിയതരം കളകളും വരിനെല്ലുകളും വളരുന്നതിനാൽ കൊയ്തെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും ജലം വറ്റുന്നതുമാണ് കൃഷിയെ കാര്യമായി ബാധിച്ചത്. വിളനാശം സംഭവിക്കുന്നതിന്റെ മറ്റ് കാരണങ്ങൾ അറിയാൻ കാർഷിക സർവകലാശാലവഴി ഉടനെ മണ്ണ് പരിശോധന നടത്തണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് ആവശ്യപ്പെട്ടു.

36.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉഷ്ണതരംഗം രൂപപ്പെട്ടതോടെ ജില്ലയിലെ ജലസംഭരണികൾ എല്ലാം കടുത്ത വരൾച്ചയിലാണ്. സമീപ ദിവസങ്ങളിൽത്തന്നെ കുടിവെള്ളംപോലും ലഭിക്കാവുന്ന സാഹചര്യം ഡാമുകളിൽ ഇല്ല. അടുത്ത ആഴ്ചകളിൽ ജില്ലയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലാണ് ഇനി പ്രതീക്ഷ.




