പടക്ക നിർമ്മാണശാലയിൽ സ്ഫോടനം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പടക്ക നിർമ്മാണശാലയിൽ സ്ഫോടനം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പാലക്കാട്: കേരളശ്ശേരിയിൽ വീടിനോട് ചേർന്ന പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. കാവിൽ അബ്ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
പടക്ക നിർമ്മാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുകയായിരുന്നു. എന്നാൽ സ്ഫോടനത്തിന് ശേഷം ഇയാളെ കാണാനില്ല. വീടിനോട് ചേർന്ന പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.

പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുളള ലൈസൻസുണ്ട്. തടുക്കുശ്ശേരിയിൽ ഇയാൾക്ക് പടക്കനിർമ്മാണശാലയുമുണ്ട്. വിശദ പരിശോധനയ്ക്കായി സ്ഥലത്ത് നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

