മാലിന്യ സംസ്കരണവുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കണം: മന്ത്രി എം ബി രാജേഷ്

കോഴിക്കോട്: ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതിയെ നിർബന്ധമായും സംയോജിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർക്കുള്ള തൊഴിലുറപ്പ് പദ്ധതി ശിൽപ്പശാല ആശിർവാദ് കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷ്യമിട്ടതിനേക്കാൾ ഒരുവർഷം മുമ്പേ സമ്പൂർണ ശുചിത്വ സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. അതിൽ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്ക് വഹിക്കാനാവും. ഗാർഹിക കമ്പോസ്റ്റ്, സോക് പിറ്റ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിവഴി നിർമിക്കണം. സമഗ്ര നീർത്തട പദ്ധതിക്കും കാർഷിക കുളങ്ങൾ നിർമാക്കാനും കൂടുതൽ പച്ചത്തുരുത്ത് സൃഷ്ടിക്കാനും തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താം മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ നിസാമുദ്ദീൻ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ നായർ പദ്ധതി വിശദീകരിച്ചു. നവകേരള കർമപരിപാടി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ടി എൻ സീമ, സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. എൻ രമാകാന്തൻ, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ രാജീവൻ എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ രവിരാജ് ആർ സ്വാഗതവും അസി. ഡെവലപ്മെന്റ് കമീഷണർ നന്ദന എസ് പിള്ള നന്ദിയും പറഞ്ഞു.
