KOYILANDY DIARY.COM

The Perfect News Portal

വൈദ്യുത വാഹനങ്ങൾ വർധിച്ചു: പഴയ ചാർജിങ്‌ പോയിന്റുകൾ നവീകരിക്കും

കൊച്ചി: വൈദ്യുത വാഹനങ്ങൾ വർധിച്ചു. പഴയ ചാർജിങ്‌ പോയിന്റുകൾ നവീകരിക്കും. ആധുനിക വൈദ്യുത വാഹനങ്ങൾക്ക്‌ ഉപയോഗിക്കാനാകാത്ത പഴയ രീതിയിലുള്ള ചാർജിങ്‌ പോയിന്റുകൾ നവീകരിക്കാൻ പദ്ധതിയുമായി കെഎസ്‌ഇബി. ജിബി/ടി ചാർജിങ്‌ പോയിന്റുകൾ മാത്രമുള്ള അഞ്ച്‌ സ്‌റ്റേഷനുകളിൽ പുതിയ മോഡൽകൂടി (സിസിഎസ്‌2) സ്ഥാപിക്കും.

സംസ്ഥാനത്ത്‌ 150 ചാർജിങ്‌ സ്‌റ്റേഷനുകളുണ്ട്‌. ഇതിൽ കെഎസ്‌ഇബിയുടെ 63 എണ്ണത്തിൽ അഞ്ചിടത്തുമാത്രമാണ്‌ പഴയ മാതൃകയിലുള്ളത്‌. ബാക്കി സ്‌റ്റേഷനിൽ ജിബി/ടിക്കൊപ്പം ആധുനിക സിസിഎസ്‌ 2 പോയിന്റുമുണ്ട്‌. ആധുനിക വൈദ്യുത കാറുകൾ ചാർജ്‌ ചെയ്യാൻ സിസിഎസ്‌ 2 മാതൃകയിലെ പ്ലഗ്‌ പോയിന്റ്‌ വേണം. ഇതിനായി കാത്തുകിടക്കേണ്ടി വരുന്നുണ്ട്‌. നിലവിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക്‌ അതിവേഗം ചാർജ്‌ ചെയ്യാനാകുന്ന 60 മുതൽ 120 കിലോവാട്ടുവരെ ശേഷിയുള്ള സിസിഎസ്‌2 പോയിന്റാണ്‌ ആവശ്യം. സാങ്കേതികവിദ്യ മാറിയതോടെ കെഎസ്‌ഇബിയും അനെർട്ടും സ്വകാര്യസംരംഭകരും കൂടുതലും ഇതാണ്‌ സ്ഥാപിച്ചത്‌. 12 മുതൽ 15 ലക്ഷം രൂപവരെയാണ്‌ ഇതിന്റെ ചെലവ്‌.

വരും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ
വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ ചാർജിങ്‌ സ്‌റ്റേഷനുകളുടെ ആവശ്യകതയും ഏറുകയാണ്‌. 2021ൽ സംസ്ഥാനത്ത്‌ 8706 വൈദ്യുത വാഹനങ്ങൾ പുറത്തിറങ്ങിയപ്പോൾ 2022ൽ 39,597 എണ്ണമായി. കെഎസ്‌ഇബിക്ക്‌ 63, അനെർട്ടിന്‌ 24, സ്വകാര്യസംരംഭകർക്ക്‌ 63 എന്നിങ്ങനെ ചാർജിങ്‌ സ്‌റ്റേഷനുണ്ട്‌. ഇതിനുപുറമേ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ചാർജ്‌ ചെയ്യാനുള്ള 3.3 കിലോവാട്ടിന്റെ 1300 ചാർജിങ്‌ പോയിന്റുകളുമുണ്ട്‌. വൈദ്യുത വാഹന ഉടമകളുടെ സംഘടനയായ ഇവോകും 30 സ്‌റ്റേഷനുകൾ ആരംഭിക്കുന്നുണ്ട്‌.

Advertisements

 

Share news