KOYILANDY DIARY

The Perfect News Portal

രേഖകളില്ലാതെ ഓടിയ വഗാഡ് കമ്പനിയുടെ ലോറി ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: അരിക്കുളം – രേഖകളില്ലാതെ ഓടിയ വഗാഡ് കമ്പനിയുടെ ലോറി ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ചു. തുടർന്ന് കൊയിലാണ്ടി പോലീസ് എത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അരിക്കുളം മുക്കിലാണ് സംഭവം. രാജസ്ഥാൻ സർക്കാർ കണ്ടം ചെയ്ത് ഒഴിവാക്കിയ ടോറസ് ലോറിയാണ് പെയിൻ്റടിച്ച് പുതു മോഡിയിൽ വഗാഡ് കമ്പനി ബൈപ്പാസ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് ഇതുവരെയും സർവ്വീസ് നടത്തിവന്നത്.

ഇന്ന് കാലത്ത് മുതൽ അരിക്കുളം മേഖലയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ബൈപ്പാസ് നിർമ്മാണത്തിനായി മണ്ണ് കയറ്റി പോകുന്നതിനിടെ സംശയം തോന്നിയ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിൻ്റെ നമ്പർ നോട്ട് ചെയ്ത് ആർ.ടി.യുടെ സൈറ്റിൽ പരിശോധന നടത്തിയപ്പോഴാണ് രേഖകളിലാത്ത വാഹനമാണെന്ന് മനസിലായത്. തുടർന്ന് പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളെത്തി ലോറി തടഞ്ഞിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

കൊയിലാണ്ടിയിൽ നിന്ന് ട്രാഫിക് പോലീസ് എൻഫോഴ്സമെൻ്റ്  ടീം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ രേഖകളില്ലെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വാഹനത്തെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ നേതാക്കളായസതീഷ് ബാബു, ദിനൂപ് സി.കെ, റിബിൻ കൃഷ്ണ, നിധിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements