KOYILANDY DIARY

The Perfect News Portal

ഓണവും തുമ്പയും

കൊയിലാണ്ടി: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും ഓണപ്പുലരികളെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. അത്തം അണയുന്നതോടെ ഓണാഘോഷങ്ങളുടെ തുടക്കമായി. അതിൽ ഒന്നാണ് പൂക്കളം ഒരുക്കൽ. അത്തപ്പൂക്കളത്തെക്കുറിച്ച് പഴയ തലമുറക്കിടയിൽ ചില ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. അത്തം നാളിൽ പൂക്കളത്തിൽ തുമ്പപ്പൂവിനുള്ള പ്രഥമസ്ഥാനത്തെക്കുറിച്ചും ഐതിഹ്യങ്ങൾ പലതുണ്ട്.
ഒരിയ്ക്കൽ പൂവുകളെല്ലാം മാവേലി തമ്പുരാനെ കാണാനെത്തി. എല്ലാവരും നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരിമാരായി ചമഞ്ഞൊരുങ്ങിയാണ് മാവേലിയെ ദർശിക്കാനെത്തിയത്. ചുവപ്പ്, മഞ്ഞ വയലറ്റ് അങ്ങനെ നീല വസ്ത്രമുള്ള കാക്കപ്പൂവ് വരെ തമ്പുരാൻ്റെ മുന്നിൽ അണി നിരന്നു. എല്ലാവരും കണാൻ നല്ല ചന്തമുള്ളവർ. ഓരോ പൂവും ഞാൻ ഞാൻ മുമ്പിൽ എന്ന രീതിയിൽ മാവേലി തമ്പുരാൻ്റെ തിരുമുമ്പിൽ സ്ഥാനം പിടിക്കാൻ തിടുക്കം കൂട്ടി.
എന്നാൽ പാവം തുമ്പപ്പൂ മാത്രം ലജ്ജാ വിവശയായി ഒതുങ്ങി നിന്നു. കാരണം അവൾക്ക് നിറമുള്ള വസ്ത്രങ്ങളില്ല. കാണാനും ഭംഗിയില്ല. എങ്കിലും അവൾ ഏറ്റവും പിന്നിൽ നിന്ന് മാവേലി തമ്പുരാനെ ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ഇത് മാവേലി തമ്പുരാൻ്റെ ദൃഷ്ടിയിൽപ്പെട്ടു. ഒരു പുഞ്ചിരിയോടെ അദ്ദേഹം തുമ്പയെ തൻ്റെ അരികിലേക്ക് വിളിച്ചു. പിന്നെ ഇരുകൈകളും നീട്ടി അവളെ വാരിയെടുത്ത് ശിരസ്സിൽ വെച്ചു.
എന്തെന്നില്ലാത്ത സന്തോഷവും അതിലേറെ അഭിമാനവും കൊണ്ട് അവൾ കണ്ണീരണിഞ്ഞു. നിറമുള്ള പൂക്കൾ അല്പം ആത്മനിന്ദയോടെ തമ്പുരാൻ്റെ മുന്നിൽ കൈകൂപ്പി നിന്നു.
ഇതാണ് പൂവിടൽ ചടങ്ങിൽ തുമ്പയ്ക്കിത്ര പ്രാധാന്യമേറാനുള്ള കാരണമെന്നാണ് പഴമൊഴി.