KOYILANDY DIARY

The Perfect News Portal

ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സമാപിച്ചു

കൊയിലാണ്ടി: വിശുദ്ധ ഖുർആൻ പ്രമേയമാക്കി സംഘടിപ്പിച്ച ക്യു കൗൻ ഖുർആൻ കോൺഫറൻസ് സമാപിച്ചു. മാനവരാശിക്കുള്ള സമഗ്ര വഴികാട്ടി എന്ന ശീർഷകത്തിൽ ഓഗസ്റ്റ് 10ന് ആരംഭിച്ച ഖുർആൻ ക്യാമ്പയിന്റെ ഭാഗമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. 24, 25 തിയ്യതികളിൽ നടന്ന കോൺഫറൻസ് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. 
തീവ്രവാദത്തിന് പരിഹാരം തീവ്രവാദം അല്ലെന്നും മതവിജ്ഞാനവും വിശ്വാസവുമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ 13 സെഷനുകളിലായി ഖുർആനിലെ ശാസ്ത്രം പരിസ്ഥിതി എക്കണോമിക്സ് മാനവികത നവോത്ഥാനം തുടങ്ങി വിത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
25ന് നടന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഖുർആൻ എല്ലാ കാലത്തും നിലനിൽക്കുന്നതും സമൂഹത്തെ നേർവഴിക്കു നടത്തുന്ന ഗ്രന്ഥമാണെന്നും അത് പഠിക്കാനും പഠിപ്പിക്കാനും എല്ലാവരും ഉൽസാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.   
ക്യു കൗൻ കോൺഫറൻസിന്റെ ഭാഗമായി നടന്ന അഖില കേരള മുഖദ്ദിമതുൽ ജസ്രിയ മനപാഠ മൽസര വിജയികൾക്കുള്ള അവാർഡ് ദാനത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. സി മുഹമ്മദ് ഫൈസി, ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ എന്നിവർ സമാപന സംഗമത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 ന് ആരംഭിച്ച കാമ്പയിൻ്റെ ഭാഗമായി മൽസ്യ തൊഴിലാളി സംഗമം, മെഗാ ക്വിസ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ക്യു സമ്മിറ്റ്, എക്സ്പോ, തുടങ്ങി വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കാരന്തൂർ മർകസിനു കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മർകസ് മാലിക് ദീനാറിലെ വിദ്യാർത്ഥി യൂണിയൻ അന്നബഅ് ആണ് ക്യൂ കൗൻ ഖുർആൻ സമ്മേളനം സംഘടിപ്പിച്ചത്.