കണ്ണൂരിൽ ലഹരി വേട്ട; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെറുതാഴം പിരക്കാം തടത്തിൽ താമസിക്കുന്ന കൊറ്റയിലെ പുരയിൽ വീട്ടിൽ കെ പി അഫിദി (21) യാണ് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസിറലിയും സംഘവും പിടികൂടിയത്.

മാടായി പാറയിൽ ഇരുചക്ര വാഹനത്തിൽ കഞ്ചാവ് എത്തിച്ച് കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്സൈസ് കമീഷണർ സ്ക്വാഡ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പാപ്പിനിശേരി എക്സൈസ് സംഘം മാടായി പാറയിലെത്തി ഇയാളെ പിടികൂടിയത്. ഹോണ്ട ആക്റ്റിവ സ്കൂട്ടറും പിടികൂടി.

പ്രതി നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. പയ്യന്നൂർ, പിലത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളജ് വിദ്യർത്ഥികൾക്ക് ഉൾപ്പടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാനിയാണ് ഇയാൾ. ഏറെ നാളായി ഇയാൾ എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി പങ്കജാക്ഷൻ, വി പി ശ്രീകുമാർ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർ കെ രമിത്ത്, കെ അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.

