KOYILANDY DIARY

The Perfect News Portal

മധുരത്തിൽ മയങ്ങരുത്; സർവത്ര മായമാണ്

കോഴിക്കോട്‌:  ശർക്കരയിൽ സർവത്ര മായമെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌. ‘ലുക്കി’നായി നിരോധിത നിറങ്ങളും മാരക രാസവസ്‌തുക്കളും ചേർക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ ലേബൽ ഇല്ലാത്ത ചാക്കുകളിൽ എത്തുന്ന ശർക്കരയുടെ വിൽപ്പന ജില്ലയിൽ നിരോധിച്ചു. റോഡാമിൻ ബി ഉൾപ്പെടെയുള്ള നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യമാണ്‌ വ്യാപകമായി കണ്ടെത്തിയത്‌.
ജില്ലയിൽ അഞ്ചുമാസത്തിനിടെ പരിശോധനക്കായി ശേഖരിച്ച അമ്പത്‌ സാമ്പിളിൽ ഇരുപതിലും കൃത്രിമ രാസവസ്‌തുക്കളുണ്ട്‌. നാലെണ്ണത്തിലാണ്‌ റോഡാമിൻ ബി കലർന്നതായി കണ്ടെത്തിയത്‌. മായം കലർന്ന 3500 കിലോ ശർക്കര ഭക്ഷ്യസുരക്ഷാവകുപ്പ്‌ പിടിച്ചെടുത്തു. 
ചാക്കുകളിൽ ബ്രാൻഡ്‌ നെയിം, ഉൽപ്പാദകരുടെ വിലാസം എന്നിവ രേഖപ്പെടുത്താത്ത ശർക്കര വിൽക്കുന്നത്‌ ശിക്ഷാർഹമാണെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ അസി. കമീഷണർ കെ വിനോദ്‌ കുമാർ പറഞ്ഞു.
ലേബൽ പതിക്കാത്ത ചാക്കുകളിൽ വരുന്ന ശർക്കര വിൽക്കുന്ന കടയുടമക്കെതിരെ കേസെടുക്കും. സംശയം തോന്നുന്ന ശർക്കര പരിശോധനക്കായി കണ്ടുകെട്ടും. കൃത്രിമനിറം കലർന്ന ശർക്കരയുടെ നിരന്തര ഉപയോഗം വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും. മലാപ്പറമ്പ്‌ ഗവ. അനലറ്റിക്കൽ ലാബിലാണ്‌ ശർക്കര സാമ്പിളുകൾ പരിശോധിക്കുന്നത്‌. വെളിച്ചണ്ണയിൽ പനങ്കുരു എണ്ണയുടെ സാന്നിധ്യവും വ്യാപകമാണ്‌.