KOYILANDY DIARY

The Perfect News Portal

വയോജന പെൻഷൻ കേന്ദ്ര വിഹിതം കുടിശ്ശികയില്ലാതെ നൽകണം

കോഴിക്കോട്‌:  വയോജന പെൻഷൻറെ കേന്ദ്രവിഹിതം വർധിപ്പിച്ച്‌ കുടിശ്ശികയില്ലാതെ കൈമാറണമെന്ന്‌ സീനിയർ സിറ്റിസൺസ്‌ ഫ്രൻഡ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1600 രൂപ പെൻഷനിൽ 200 രൂപ കേന്ദ്രവിഹിതം നേരിട്ട്‌ അക്കൗണ്ടിൽ നൽകുമെന്നാണ്‌ അറിയിപ്പ്‌. ഈ വിഹിതം കുടിശ്ശികയായതിനാൽ സഹകരണ ബാങ്കുകൾ മുഖേനയല്ലാതെ പെൻഷൻ വാങ്ങുന്നവർക്ക്‌ 1400 രൂപയാണ്‌ ലഭിക്കുന്നത്‌.
കേന്ദ്രവിഹിതം വർധിപ്പിച്ച്‌ വയോജന പെൻഷൻ 5000 രൂപയാക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി മേലടി നാരായണൻ റിപ്പോർട്ടും ട്രഷറർ പി മുരളീധരൻ കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി ചന്ദ്രശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി പി കുട്ടികൃഷ്‌ണൻ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡണ്ട് വി എ എൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങളായ കെ ബാലകൃഷ്‌ണൻ, പി സൗദാമിനി, വി പ്രസന്ന, കെ എം ജയരാജൻ, കെ കെ സി പിള്ള, എം പി അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മേലടി നാരായണൻ (പ്രസിഡണ്ട്), സി ചന്ദ്രശേഖരൻ, കെ വി ബാബുരാജ്‌, പി രാജൻ, വി പ്രസന്ന (വൈസ്‌ പ്രസിഡണ്ടുമാർ), കെ കെ സി പിള്ള (സെക്രട്ടറി), മേച്ചേരി ബാബുരാജ്‌, പി രമ, പി പി രമ, പി പി നാണു, പി വേണുഗോപാൽ (ജോ. സെക്രട്ടറിമാർ), പി പി കുട്ടികൃഷ്‌ണൻ (ട്രഷറർ).