KOYILANDY DIARY.COM

The Perfect News Portal

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

.

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടി എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസും ആശുപത്രി അധികൃതരും സംഭവത്തില്‍ ദുരൂഹത സംശയിച്ചത്. അശ്വതി മുന്‍പ് വിഷാദരോഗ ലക്ഷണങ്ങളുണ്ടായ വ്യക്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. 

 

അശ്വതിയുടേയും സുഭാഷിന്റേയും മകള്‍ പവിത്രയാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് പായയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയില്‍ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Advertisements

 

പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരുക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.

 

Share news