KOYILANDY DIARY

The Perfect News Portal

ബർധമാനിൻ്റെ മണ്ണിൽ വീണ്ടും ചെങ്കൊടി പാറിക്കാനുള്ള പോരാട്ടവുമായി സിപിഐ(എം)

കൊൽക്കത്ത: കാർഷിക പോരാട്ടങ്ങളുടെ രണഭൂമിയായ ബർധമാനിൻ്റെ മണ്ണിൽ വീണ്ടും ചെങ്കൊടി പാറിക്കാനുള്ള പോരാട്ടവുമായി സിപിഐ(എം) വിപ്ലവ കവി കാസി നസ്‌റുൾ ഇസ്ലാമിനും വിപ്ലവ പ്രസ്ഥാനത്തിൻ്റെ നേതാക്കളായിരുന്ന ഹരേകൃഷ്‌ണ കോനാർ, ബിനോയ് ചൗധരി, സരോജ് മുഖർജി തുടങ്ങിയവരുടെ ജന്മദേശവുമായ ബർദ്വമാൻ എക്കാലവും ഇടതുപക്ഷത്തിൻ്റെ കോട്ടയായിരുന്നു. കൃഷിയും വ്യവസായവും ധാതുസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ നാട്. വിശാലമായ നെൽപ്പാടങ്ങളും കൽക്കരി പാടങ്ങളും വൻ ഇരുമ്പുരുക്കുശാലകളും ഇവിടുണ്ട്.
മമതബാനർജി അധികാരത്തിലേറിയതോടെ ബർധമാൻ്റെ ചിത്രം ആകെ മാറി. വ്യവസായമേഖലയിലെ ഉണർവ് കെട്ടടങ്ങി. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ഒറ്റ വ്യവസായം പോലും ഇവിടെ ഉണ്ടായിട്ടില്ല. മിക്കതും പൂട്ടികെട്ടി. പതിനായിരങ്ങൾക്ക് തൊഴിൽനഷ്‌ടമായി. കാർഷിക മേഖലയും തകർച്ചയിലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന സ്ഥലവും ഇവിടെയാണ്.
Advertisements
രണ്ടു ഭാഗങ്ങളായി വിഭജിച്ച ഇവിടെ മൂന്ന് ലോക‌സഭാ സീറ്റാണുള്ളത്. അസൺസോൾ, ബർധമാൻ– ദുർഗാപൂർ, ബർധമാൻ ഈസ്റ്റ് എന്നിവ. മൂന്ന് സീറ്റിലും ഇടതുമുന്നണിയിൽ സിപിഐ എം ആണ് മത്സരിക്കുന്നത്. അസൺസോളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജഹനാരാ ഖാൻ, ബർദ്വമാൻ- ദുർഗാപൂരിൽ ഡോ. സുകൃതി ഘോഷാൽ, ബർധമാൻ ഈസ്റ്റിൽ – നീരബ് ഖാൻ എന്നിവരാണ് സ്ഥാനാർഥികൾ.
ഇടതുമുന്നണിക്കായി ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ത്യണമൂലും ബിജെപിയുമാണ് മുഖ്യ എതിരാളികൾ. കഴിഞ്ഞ തവണ അസൺ സോളിൽ ബിജെപിയും മറ്റ് രണ്ടിടങ്ങളിൽ ത്യണമൂലുമാണ് ജയിച്ചത്. തിങ്കളാഴ്‌ചയാണ് വോട്ടെടുപ്പ്.