KOYILANDY DIARY.COM

The Perfect News Portal

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസില്ലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കൊയിലാണ്ടി : കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസില്ലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാലുശ്ശേരിയിലും പേരാമ്പ്രയിലും മഴപെയ്താല്‍ കൊയിലാണ്ടിയില്‍ കറണ്ട് പോകുന്ന അവസ്ഥയിൽ പ്രതിഷേധിച്ചാണ്  പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്ലേക്ക് മാർച്ച് നടത്തിയത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊയിലാണ്ടിയുടെ കിഴക്ക് ഭാഗങ്ങളില്‍ രാത്രിയോടെ കറണ്ട് പോവുകയും രാവിലെ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ ദിവസങ്ങളിലൊന്നും തന്നെ കൊയിലാണ്ടി നഗരസഭ പ്രദേശത്ത് മഴയോ കാറ്റോ ഉണ്ടായിരുന്നുമില്ല. വിദൂര പ്രദേശങ്ങളില്‍ മഴ പെയ്ത് തുടങ്ങുന്ന ലക്ഷണം കാണുമ്പോള്‍ തന്നെ കൊയിലാണ്ടി നഗരസഭയില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത്. കനത്ത വേനല്‍ ചൂടില്‍ രാത്രി വൈദ്യുതി കൂടി ഇല്ലാതാകുന്നതോടെ കുട്ടികളും പ്രായമായവരും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും പവര്‍ക്കട്ട് ഒഴിവാക്കുന്നതിന് പകരമായാണ് രാത്രി മുഴുവന്‍ സമയവും വൈദ്യുതി വിച്ഛേദിക്കുന്നത് എന്നും കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവര്‍ പറഞ്ഞു.
രാത്രി പത്തരയോടെയാണ് പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഓഫീസില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനൊടുവില്‍ വൈദ്യുതി പുന:സ്ഥാപിച്ചു എന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, മണ്ഡലം സെക്രട്ടറി കലേഷ് വി കെ, സിസോണ്‍ദാസ്, വേണുഗോപാലന്‍ പന്തലായനി, ശരത്, ഷൈജു സി പി തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
Share news