KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസിന്റെ കൈകൾ വർഗീയപ്പാർടികളുടെ തോളിൽ; ബിനോയ്‌ വിശ്വം

കണ്ണൂർ: കോൺഗ്രസിന്റെ കൈകൾ വർഗീയപ്പാർടികളുടെ തോളിലാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഒരു കൈ നേരത്തേ ബിജെപിയുടെ തോളിലായിരുന്നു. മറ്റേ കൈ ഇപ്പോൾ എസ്‌ഡിപിഐയുടെ തോളിലാണ്‌. കണ്ണൂർ പ്രസ്‌ ക്ലബ്‌ ‘മുഖാമുഖ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഡിപിഐയുടെ പിന്തുണ വേണ്ടെന്ന്‌ കോൺഗ്രസ്‌ മനസ്സില്ലാമനസ്സോടെ പറഞ്ഞെങ്കിലും രഹസ്യബാന്ധവം തുടരുകയാണ്‌. എസ്‌ഡിപിഐയുമായി ബന്ധം വേണമെന്നതിൽ കോൺഗ്രസിൽ തർക്കമില്ല. പരസ്യമാകണോ, രഹസ്യമാകണോ എന്നതിലാണ്‌ ചർച്ച. ബിജെപിയുടെയും അദാനിമാരുടെയും പണത്തിനും ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും വഴങ്ങാത്ത എംപിമാരെ പാർലമെന്റിലേക്ക്‌ അയയ്‌ക്കുമെന്നതാണ്‌ ഇടതുപക്ഷത്തിന്റെ ഗ്യാരന്റി.

 

കേരളത്തിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ വക്താക്കൾ എൽഡിഎഫാണ്‌. മുഖ്യ എതിരാളി ആർഎസ്‌എസ്സോ, ഇടതുപക്ഷമോയെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണം. രാഹുൽഗാന്ധിയെ വീണ്ടും വയനാട്ടിൽ കെട്ടിയിറക്കിയത്‌ എന്തിനെന്ന്‌ പറയണം. രാഷ്‌ട്രീയ ദൂരക്കാഴ്‌ച്ചയില്ലായ്‌മയാണിത്‌. ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നതാണ്‌ കോൺഗ്രസിന്റെ അപചയത്തിന്‌ കാരണം. ബാബറി മസ്‌ജിദ്‌ തകർത്ത്‌ അവിടെ നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചപ്പോൾ ചാഞ്ചാടിക്കളിച്ച പാർടിയാണ്‌ കോൺഗ്രസ്‌.

Advertisements

 

ഗാന്ധിജിയെയും നെഹ്‌റുവിനെയും അംഗീകരിക്കുന്ന കോൺഗ്രസുകാർ എൽഡിഎഫിന്‌ വോട്ടുചെയ്യും. കോൺഗ്രസ്‌ പതാക ബിജെപിക്ക്‌ അടിയറവെച്ചിരിക്കുകയാണ്‌. കോഴിക്കോട്‌ കടപ്പുറത്ത്‌ കോൺഗ്രസ്‌ പതാക സംരക്ഷിക്കുന്നതിന്‌ കെ കേളപ്പനും പി കൃഷ്‌ണപിള്ളയും ഭീകരമർദനമാണ്‌ ഏറ്റുവാങ്ങിയത്‌. ബ്രിട്ടീഷുകാരുടെ മുന്നിൽ ഉയർത്തിപ്പിടിച്ച പതാകയെ അപമാനിക്കുകയാണ്‌ കോൺഗ്രസ്‌.

 

ബോംബുരാഷ്‌ട്രീയം ഇടതുപക്ഷ നയമല്ല. പാനൂരിലെ ബോംബുസ്‌ഫോടനവുമായി സിപിഐ എമ്മിന്‌ ബന്ധമില്ലെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്‌. മരണവീട്ടിൽ പോകുന്നത്‌ വലിയ പാതകമാണെന്ന്‌ കരുതുന്നില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Share news