KOYILANDY DIARY

The Perfect News Portal

തിരക്ക് വര്‍ധിക്കുന്നു; ഞായറാഴ്‌ചകളില്‍ മെട്രോ സര്‍വീസ് 7.30 മുതല്‍

കൊച്ചി: തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്‌ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്‌ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.
ഓൺലൈൻ സർവേ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സര്‍വേയില്‍ 83 ശതമാനം പേർ സർവ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു.

മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഈ മാസം ഒൻപത് ദിവസം ഒരുലക്ഷത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തുവെന്നും റെയില്‍ അധികൃതര്‍ പറഞ്ഞു. കൂടാതെ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്‌ക്ക് ഒരു മാസം മുഴുവൻ പരിധികളില്ലാതെ യാത്ര ചെയ്യാൻ വിദ്യ-30 കാർഡും 450 രൂപയ്‌ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്പോ ഓഫറായി വിദ്യാർത്ഥികൾക്ക് ലഭിക്കും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്‌നിൽ രജിസ്റ്റർ ചെയ്‌ത് വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.