KOYILANDY DIARY

The Perfect News Portal

നവീകരിച്ച പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പുതിയ പാഠപുസ്‌തകങ്ങളുടെ രചന പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നവീകരിച്ച പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പുതിയ പാഠപുസ്‌തകങ്ങളുടെ രചന പൂർത്തിയായി. 2024–-25 അധ്യയനവർഷം മുതൽ ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലേക്ക്‌ 215 ടൈറ്റിലുകളിലുള്ള പുസ്‌തകങ്ങളാണ്‌ തയ്യാറാക്കിയത്‌. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ആസ്ഥാനത്ത്‌ കരിക്കുലം കമ്മിറ്റി നിയോഗിച്ച ഓരോ വിഷയങ്ങളിലെയും വിദഗ്‌ധരടങ്ങിയ 850 പേർ സംഘങ്ങളായി തിരിഞ്ഞാണ്‌ പുസ്‌തക രചന നടത്തിയത്‌. പുതിയ പുസ്‌തകങ്ങളുടെ അച്ചടി ജനുവരിയിൽ ആരംഭിക്കും.

പുതിയ പാഠപുസ്‌തകങ്ങളിലെ പാഠഭാഗങ്ങൾക്ക്‌ ചിത്രഭാഷ്യമൊരുക്കാൻ വിദ്യാർത്ഥികൾക്കും അവസരം നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾകൂടി പാഠഭാഗങ്ങളിലുണ്ടാകും. ഒന്നാം ക്ലാസിൽ പാഠപുസ്‌തകങ്ങൾക്കൊപ്പം ഇത്തവണ മുതൽ വർക്ക്‌ ബുക്കുകൾകൂടി ഉണ്ടാകും. കാണാപാഠത്തിനുപരി സ്വയം പരിശീലനത്തിനുള്ള താൽപ്പര്യം കുട്ടികളിൽ വളർത്താനാണിത്‌. ഏഴ്‌, ഒമ്പത്‌ ക്ലാസുകളിൽ പ്രവൃത്തി പരിചയ പാഠപുസ്‌തകങ്ങളും അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിൽ കലാപാഠപുസ്‌തകങ്ങളും അധികമായി ഉണ്ടാകും.

 

എല്ലാ പാഠഭാഗങ്ങളിലും ഡിജിറ്റൽ ഉള്ളടക്കവും ഉണ്ട്‌. കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസുകളിലേക്ക്‌ പോകാനുള്ള ലിങ്കുകൾ നൽകിയിട്ടുണ്ട്‌. രക്ഷിതാക്കളുടെ സ്‌മാർട്ട്‌ ഫോൺ ഉപയോഗിച്ച്‌ വേഗത്തിൽ ഡിജിറ്റൽ ക്ലാസുകളിലേക്ക്‌ എത്താനാകും. 2025–- 26 അധ്യയന വർഷം കുട്ടികളിലെത്തുന്ന രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ ക്ലാസുകളിലെ പാഠപുസ്‌തക രചനയും ഉടൻ  ആരംഭിക്കും. 

Advertisements

 

93.18 കോടി അനുവദിച്ചു
സ്‌കൂൾ അടയ്‌ക്കുന്നതിന്‌ മുമ്പ്‌ അടുത്ത വർഷത്തെ പാഠപുസ്‌തകം കൂടി കുട്ടികളിലെത്തിക്കാനായി അച്ചടിക്കുള്ള പേപ്പറിനും അനുബന്ധ സാമഗ്രികൾക്കുമായി 93. 18 കോടി രൂപയുടെ ഭരണാനുമതി നൽകി. അടുത്ത വർഷം പുതിയ പുസ്‌തകങ്ങൾ കൂടുതൽ അച്ചടിക്കേണ്ടിവരുന്നതിനാലും നിരവധി ക്ലാസുകളിൽ അധിക പുസ്‌തകങ്ങൾ ഉള്ളതിനാലും അധിക ചെലവ്‌ കണക്കാക്കി സർക്കാർ 18. 59 ലക്ഷംകൂടി അനുവദിക്കുകയായിരുന്നു.