KOYILANDY DIARY

The Perfect News Portal

അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം

നടുവത്തൂർ: അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മാറ്റു കൂട്ടാൻ ദേശ കൂട്ടായ്മയിലൂടെയുള്ള വരവ് സംഘം നാടിന് മാതൃകയാകുന്നു. ഉത്സവത്തോടനുബന്ധിച്ച് പല ഭാഗങ്ങളിൽ നിന്നും ആഘോഷ വരവുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നടുവത്തൂർ യുവത്വത്തിൻ്റെ ശക്തി ഇവിടുത്തെ വരവ് സംഘത്തെ വേറിട്ടതാക്കുന്നു.
ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗീയതകളും മറന്ന് ആഘോഷ വരവിനെ ആകർഷകവും കുറ്റമറ്റതുമാക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. ഉത്സവം കൊടിയേറുന്നതിന് മാസങ്ങൾക്ക് മുമ്പേ തന്നെ ഒരുക്കങ്ങൾ ആരംഭിക്കുകയും സാമ്പത്തിക സമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
Advertisements
പൂരപ്പറമ്പിനെ വെല്ലുന്ന തരത്തിലുള്ള വാദ്യമേള സംഘമാണ് ഇത്തവണ ഉത്സവത്തിന് എത്തുന്നത്. ഗജരാജ പ്രൗഡിയും, മേള പൊലിമയും എത്രത്തോളം മികവുറ്റതാക്കാൻ കഴിയുമോ അത്രയും തലയെടുപ്പുള്ള ആനകളും വാദ്യ സംഘവും എത്തുന്നുണ്ട്. ശിങ്കാരിമേളം, കരകയാട്ടം എന്നിവയും ഉണ്ടായിരിക്കും.
റോഡിന് ഇരുവശവും 800 മീറ്ററോളം വിവിധ വർണ്ണങ്ങളിലുള്ള അലങ്കാര ബൾബുകൾ  കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. താലപ്പൊലി കഴിയും വരെ വിവിധ വർണ്ണങ്ങളാൽ കൊരുത്തു വെച്ച മാല പോലെയായി നടുവത്തൂർ ക്ഷേത്ര പടിഞ്ഞാറേ നട. വരവ് സംഘത്തോടൊപ്പം സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രത്യേക വേഷവിധാനത്തോടെയാണ് എത്തുക.
പടിഞ്ഞാറെ നട കടന്നു വരുന്നവർ അലങ്കാര ദീപങ്ങളുടെ പ്രകാശജാലത്താൽ കുളിച്ചു നിൽക്കുന്ന രാജവീഥിയിലൂടെയാണ് ക്ഷേത്രത്തിലേക്ക് എത്തുക. മാർച്ച് 4 ന് വിവിധ കലാരൂപങ്ങളും വാദ്യമേളഘോഷവും അകമ്പടിയായി നൂറുകണക്കിന് ഭക്തജനങ്ങളാൽ ചിട്ടയായി ഇളനീർ കുല വരവുകൾ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതോടെ വരവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തിയാകും.